ഐഫോൺ ഉപയോഗിച്ചത് ബിനീഷ്; സിംകാർഡ് വിനോദിനിയുടെ പേരിൽ.

തിരുവനന്തപുരം: സന്തോഷ് ഈപ്പൻ യുഎഇ കോൺസൽ ജനറലിനായി സ്വപ്നയ്ക്കു കൈമാറിയ ഐ ഫോൺ സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷണം തുടങ്ങി. കസ്റ്റംസ് ചോദ്യം ചെയ്താൽ ഉടനെ വിനോദിനി ബാലകൃഷ്ണന്റെ മൊഴിയെടുക്കാൻ ഇഡിയുടെ കൊച്ചി, ബെംഗളൂരു യൂണിറ്റുകൾ തയാറെടുക്കുകയാണ്.

ഐ ഫോൺ കുറച്ചുനാൾ ഉപയോഗിച്ചിരുന്നതു ബിനീഷ് കോടിയേരിയാണെന്നു കോൾ പട്ടിക പരിശോധിച്ചതിൽ നിന്നു കസ്റ്റംസിനു വിവരം ലഭിച്ചിരുന്നു. വിനോദിനിയുടെ പേരിലുള്ള സിം കാർഡാണ് ബിനീഷ് ഉപയോഗിച്ചിരുന്നതെന്ന സൂചനയാണ് കസ്റ്റംസ് ഇഡിക്ക് കൈമാറിയത്. ഇതിൽ നിന്നുളള ചില കോളുകളിൽ ബിനീഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന നമ്പറുകളും ശ്രദ്ധയിൽപെട്ടതോടെയാണ് ബെംഗളൂരു ഇഡിയും അന്വേഷണത്തിനു മുതിരുന്നത്. സ്വർണക്കടത്ത് പിടിക്കപ്പെട്ടതിനു ശേഷവും ഈ ഫോൺ ഉപയോഗിച്ചിരുന്നു. എന്നാൽ ലൈഫ് മിഷൻ കേസിനൊപ്പം, യുഎഇ വീസ സ്റ്റാംപിങ് കരാർ ലഭിച്ച യുഎഎഫ്എക്സ് സൊല്യൂഷൻസും കേസിന്റെ ചിത്രത്തിലേക്കു വന്നതോടെ ഫോൺ ഓഫാക്കി. യുഎഎഫ്എക്സ് സൊല്യൂഷൻസിന്റെ പാർട്നറെ ബെംഗളൂരുവിൽ ബിനീഷ് കോടിയേരി ഉൾപ്പെട്ട കേസിൽ ചോദ്യം ചെയ്തിരുന്നു

വിനോദിനി നാളെ ഹാജരായില്ലെങ്കിൽ വീണ്ടും നോട്ടിസ് നൽകാനാണ് കസ്റ്റംസ് തീരുമാനം. ഫോൺ സ്വപ്നയ്ക്ക് കൈമാറിയതാണ് എന്നാണു സന്തോഷ് ഈപ്പൻ വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ് കോടതിയുടെ അനുമതി തേടും. ഫോൺ എങ്ങനെ കിട്ടിയെന്ന വിനോദിനിയുടെ ഉത്തരത്തിനു ശേഷമാകും കസ്റ്റംസ് വീണ്ടും സ്വപ്നയിലേക്കും തുടർ ചോദ്യങ്ങളിലേക്കും പോകുക.