നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍
നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ താഴെ പറയുന്ന രേഖകള്‍ സമര്‍പ്പിക്കണം.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നയാള്‍ ഇന്ത്യയിലെ ഏതെങ്കിലും പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടറായിരിക്കണം.
സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിക്കുന്ന(പിന്തുണയ്ക്കുന്ന)യാള്‍, മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടറായിരിക്കണം.
അംഗീകൃത ദേശീയപാര്‍ട്ടികളുടെയും അംഗീകൃത സംസ്ഥാന പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളെ ഒരാള്‍ പിന്തുണച്ചാല്‍ മതി. എന്നാല്‍ അനംഗീകൃത പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളെയും സ്വതന്ത്രസ്ഥാനാര്‍ത്ഥികളെയും പത്ത് വോട്ടര്‍മാര്‍ പിന്തുണച്ചിരിക്കണം.
നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ താഴെ പറയുന്ന രേഖകള്‍ സമര്‍പ്പിക്കണം.
*നാമനിര്‍ദ്ദേശപത്രിക (ഫോറം 2 എ), സത്യവാങ്മൂലം (ഫോറം 26), ബാലറ്റ് ആവശ്യത്തിന് ഒരു പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോയും സ്റ്റാമ്പ് സൈസ് ഫോട്ടോയും (പ്രത്യേകം കവറിലാക്കി പിറകില്‍ പേരെഴുതി സ്ഥാനാര്‍ത്ഥി ഒപ്പുവച്ചത്), ഫോട്ടോയോടൊപ്പം സമര്‍പ്പിക്കേണ്ട സത്യവാങ്മൂലം, വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞയെടുത്ത് ഒപ്പുവച്ച സത്യപ്രതിജ്ഞാഫോറം, സെക്യൂരിറ്റി ഡെപ്പോസിറ്റ് അടവാക്കിയ രസീത്, രാഷ്ട്രീയപാര്‍ട്ടികള്‍ മത്സരിപ്പിക്കുന്ന സ്ഥാനാര്‍ത്ഥിയാണെങ്കില്‍ ഫോറം എ, ഫോറം ബി, തെരഞ്ഞെടുപ്പ് ആവശ്യത്തിനായി പ്രത്യേകം ആരംഭിച്ച ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ പാസ്സ് ബുക്കിന്റെ പകര്‍പ്പ് സഹിതം (നോമിനേഷന്‍ സമര്‍പ്പിക്കുന്നതിന്റെ – ഒരു ദിവസം മുമ്പെങ്കിലും ആരംഭിച്ചതായിരിക്കണം ഈ അക്കൗണ്ട്), സ്ഥാനാര്‍ത്ഥി കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ താമസ സൗകര്യം ഉപയോഗിച്ചയാളാണെങ്കില്‍ വാടക, വൈദ്യുതി, വെള്ളം, ടെലഫോണ്‍ തുടങ്ങിയ- ഇനത്തില്‍ ഡ്യൂ ഇല്ലെന്ന് കാണിക്കുന്ന നോ ഡ്യൂസ് സര്‍ട്ടിഫിക്കറ്റ്.
*നാമനിര്‍ദ്ദേശപത്രികയിലും സത്യവാങ്മൂലത്തിലും സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ പതിക്കണം. ബാലറ്റ് ആവശ്യത്തിന് ഒരു സ്റ്റാമ്പ് സൈസ് ഫോട്ടോയും ഒരു പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോയും നല്‍കണം. ഒരേ ഫോട്ടോയുടെ പ്രിന്റുകള്‍ തന്നെയായിരിക്കണം ഇവയെല്ലാം.
*ഫോട്ടോ, തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് 3 മാസം മുമ്പുള്ള കാലയളവില്‍ – എടുത്തതായിരിക്കണം. വെള്ള പശ്ചാത്തലത്തിലായിരിക്കണം ഫോട്ടോയെടുക്കേണ്ടത്. മുഖം മുഴുവന്‍ കാണത്തക്ക രീതിയില്‍ നേരെ ക്യാമറയ്ക്ക് അഭിമുഖമായി ഫോട്ടോ എടുക്കണം. ചിരിയോ മറ്റ് ഭാവങ്ങളോ ഇല്ലാതെയായിരിക്കണം ഫോട്ടോയെടുക്കേണ്ടത്. ഫോട്ടോ കളറിലോ ബ്ലാക്ക് & വൈറ്റിലോ ആകാം.
*സാധാരണ വസ്ത്രധാരണത്തോടെയായിരിക്കണം ഫോട്ടോയെടുക്കേണ്ടത്. തൊപ്പി, കൂളിംഗ് ഗ്ലാസ്സ് എന്നിവ പാടില്ല.
*വോട്ടര്‍ പട്ടികയിലെ പേര് തന്നെയാണ് നാമനിര്‍ദ്ദേശപത്രികയില്‍ രേഖപ്പെടുത്തേണ്ടത്. ബാലറ്റില്‍ പേരിന്റെ കൂടെ ഇനിഷ്യലുകളോ ഔദ്യോഗികമോ തൊഴില്‍പരമോ ആയ പേരുകളോ കൂട്ടിച്ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന പക്ഷം ആയതിനുള്ള തെളിവിന്റെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിന് മാര്‍ച്ച് 22ന് മൂന്ന് മണി വരെ സമയമുണ്ടായിരിക്കും.
*ഫോറം 26 സത്യവാങ്മൂലം 50 രൂപയോ അതില്‍ കൂടുതലോ മൂല്യമുള്ള മുദ്രപ്പത്രത്തിലാണ് സമര്‍പ്പിക്കേണ്ടത്. സത്യവാങ്മൂലത്തിലെ എല്ലാ പേജിലും സ്ഥാനാര്‍ത്ഥി ഒപ്പ് വച്ച് നോട്ടറി മുദ്ര പതിപ്പിച്ചിരിക്കണം. സത്യവാങ്മൂലത്തിലെ എല്ലാ കോളവും പൂരിപ്പിച്ചിരിക്കണം. ബാധകമല്ലാത്ത കള്ളികളില്‍ ഇല്ല എന്നോ ബാധകമല്ല എന്നോ യുക്തമായത് രേഖപ്പെടുത്തിയിരിക്കണം. രേഖപ്പെടുത്തലുകളില്ലാത്തതോ വരയിട്ടതോ ആയ കള്ളികളുള്ള സത്യവാങ്മൂലം, പത്രിക നിരസിക്കുന്നതിന് കാരണമായേക്കാം.
*മത്സരിക്കുന്നയാള്‍ മറ്റ് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നുള്ളയാളാണെങ്കില്‍ വോട്ടര്‍ പട്ടികയില്‍ സ്ഥാനാര്‍ത്ഥിയുടെ പേര് ഉള്‍പ്പെട്ടത് സംബന്ധിച്ച ഇ.ആര്‍.ഒ (തഹസില്‍ദാര്‍) യുടെ സാക്ഷ്യപത്രം നാമനിര്‍ദ്ദേശപത്രികയോടൊപ്പം സമര്‍പ്പിക്കണം.
*ഫോറം 26 സത്യവാങ്മൂലത്തില്‍ സ്ഥാനാര്‍ത്ഥിയുടെ ഫേസ്ബുക്ക് അക്കൗണ്ട്, ബ്ലോഗ് ഐ.ഡി, യൂട്യൂബ് ഐ.ഡി, ട്വിറ്റര്‍ അക്കൗണ്ട് ഐ.ഡി, ടെലഗ്രാം-വാട്ട്സാപ്പ് നമ്പര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങളും നല്‍കണം.
*നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിന് സെക്യൂരിറ്റി ഡെപ്പോസിറ്റായി അടവാക്കേണ്ട തുക 25,000 രൂപയാണ്. പട്ടികജാതി/പട്ടികവര്‍ഗ്ഗത്തില്‍ പെട്ട സ്ഥാനാര്‍ത്ഥികള്‍ക്ക് 12,500 രൂപ അടവാക്കിയാല്‍ മതി. തഹസില്‍ദാരില്‍നിന്ന് ലഭ്യമാക്കിയ ജാതിസര്‍ട്ടിഫിക്കറ്റ് അസ്സല്‍ സമര്‍പ്പിക്കണം. ഡെപ്പോസിറ്റ് തുക, പത്രിക സമര്‍പ്പിക്കുന്ന സമയത്തുതന്നെ പണമായി അടയ്ക്കാം.
* പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസമായ മാര്‍ച്ച് 19ന് ഉച്ചക്ക് ശേഷം മൂന്നിന് വരണാധികാരിയുടെ മുമ്പാകെ ഹാജരായതും എല്ലാ രേഖകളും കൈവശമുള്ളതുമായ സ്ഥാനാര്‍ത്ഥികളില്‍ നാമനിര്‍ദ്ദേശകനില്‍ നിന്നും പത്രിക സ്വീകരിക്കും. മൂന്നിന് ശേഷം യാതൊരു രേഖയും പുറത്തുനിന്ന് വരണാധികാരിയുടെ മുറിയില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കൈമാറാന്‍ അനുവദിക്കില്ല.
*നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്ന സമയത്ത് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ പരമാവധി മൂന്ന് പേര്‍ക്ക് മാത്രമായിരിക്കും വരണാധികാരിയുടെ മുറിയില്‍ പ്രവേശനം. വരണാധികാരിയുടെ കാര്യാലയത്തിന് 100 മീറ്റര്‍ പരിധിയില്‍ രണ്ട് വാഹനങ്ങളില്‍ കൂടുതല്‍ പ്രവേശിക്കുവാന്‍പാടില്ല.
*സ്ഥാനാര്‍ത്ഥിയും കൂടെ വരുന്നവരും മാസ്‌ക്, ഗ്ലൗസ്, ഫേസ് ഷീല്‍ഡ് എന്നിവ നിര്‍ബന്ധമായും ധരിച്ചിരിക്കണം.
*രാഷ്ട്രീയപാര്‍ട്ടികള്‍ മത്സരിപ്പിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ഫോറം എ, ഫോറം ബി എന്നിവ സമര്‍പ്പിക്കുന്നതിനുള്ള അവസാന സമയം മാര്‍ച്ച് 19ന് വൈകീട്ട് മൂന്ന് വരെയായിരിക്കും. ഫോറം എ.ബി എന്നിവ പാര്‍ട്ടിയുടെ അധികാരപ്പെട്ട ഭാരവാഹികള്‍ ഒപ്പുവെച്ച അസ്സല്‍ സമര്‍പ്പിച്ചിരിക്കണം. ഇ മെയില്‍, ഫോട്ടോ കോപ്പി എന്നിവ പരിഗണിക്കുന്നതല്ല. എന്നാല്‍ അംഗീകൃത രാഷ്ട്രീയപാര്‍ട്ടിയുടെ സബ്സ്റ്റിറ്റിയൂട്ട് സ്ഥാനാര്‍ത്ഥികള്‍ക്ക് ഫോറം ബി യുടെ ഫോട്ടോകോപ്പി ഉപയോഗിക്കാം.
*മാര്‍ച്ച് 22ന് വൈകീട്ട് മൂന്ന് വരെ നാമനിര്‍ദ്ദേശപത്രികകള്‍ പിന്‍വലിക്കാം. അനംഗീകൃത പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കും സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ക്കും ചിഹ്നമനുവദിക്കുന്നത് മാര്‍ച്ച് 22 മൂന്ന് മുതലായിരിക്കും. ബാലറ്റില്‍ പേരിന്റെ കൂടെ ഇനിഷ്യലുകളോ ഔദ്യോഗികമോ തൊഴില്‍പരമോ ആയ പേരുകളോ ചേര്‍ക്കുന്നതിനുള്ള അപേക്ഷ, പ്രസ്തുത പേര് തെളിയിക്കുന്നതിനുള്ള രേഖ സഹിതം ഈ സമയത്തിന് മുമ്പായി സമര്‍പ്പിക്കാം.
*നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന മാര്‍ച്ച് 20ന് രാവിലെ 11ന് നടക്കും.
*നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ നല്‍കിയ ചെക്ക് ലിസ്റ്റ് മുഖേന പത്രികയിലെ എന്തെങ്കിലും ന്യൂനത പരിഹരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിനാവശ്യമായ രേഖകള്‍ നിശ്ചിതസമയപരിധിക്കകം സമര്‍പ്പിക്കാതിരിക്കുന്നത് പത്രിക നിരസിക്കുവാന്‍ കാരണമായിത്തീരുന്നതാണ്.