വിമാനത്തിനുള്ളില്‍ മാസ്‌ക് കൃത്യമായി ധരിക്കാത്ത യാത്രക്കാരെ പുറത്താക്കും- ഡി.ജി.സി.എ.

ന്യൂഡൽഹി: വിമാനത്തിനുള്ളിൽ മാസ്ക് കൃത്യമായി ധരിക്കാതിരിക്കുകയോ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയോ ചെയ്താൽ യാത്രക്കാരെ വിമാനത്തിൽനിന്ന് പുറത്താക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡി.ജി.സി.എ.). തുടർച്ചയായ മുന്നറിയിപ്പുകൾക്കു ശേഷവും കോവിഡ് പ്രോട്ടോക്കോൾ ലംഘനം തുടരുകയാണെങ്കിൽ അവരെ ‘നിയന്ത്രിക്കാനാവാത്ത യാത്രക്കാരൻ’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്നും ഡി.ജി.സി.എ. വ്യക്തമാക്കി.

 

വിമാനത്താവളത്തിനുള്ളിൽ പ്രവേശിക്കുന്നതു മുതൽ ലക്ഷ്യസ്ഥാനത്തെത്തി പുറത്തുപോകുന്നതു വരെ അവശ്യ കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കാതെ ചില യാത്രക്കാർ വിമാനയാത്ര ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മാർച്ച് 13-ന് പുറത്തിറക്കിയ പ്രസ്താവനയിൽ ഡി.ജി.സി.എ. പറയുന്നു.

ഈ പശ്ചാത്തലത്തിലാണ് വിമാനയാത്രയ്ക്കിടെ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നത് നിർബന്ധമാക്കിയുള്ള ഡി.ജി.സി.എയുടെ നിർദേശങ്ങൾ പുറത്തെത്തിയിരിക്കുന്നത്.