നാമനിര്‍ദേശ പത്രിക സമര്‍പ്പണം: രണ്ടാം ദിനം പത്രിക നല്‍കിയത് രണ്ട് പേര്‍

തവനൂര്‍, തിരൂരങ്ങാടി നിയമസഭാ മണ്ഡലങ്ങളിലായി ഓരോ സ്ഥാനാര്‍ത്ഥി വീതം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

നിയമസഭാ, മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ രണ്ടാം ദിനം( മാര്‍ച്ച് 15) ജില്ലയില്‍ ലഭിച്ചത് രണ്ട് പത്രികകള്‍. തവനൂര്‍, തിരൂരങ്ങാടി നിയമസഭാ മണ്ഡലങ്ങളിലായി ഓരോ സ്ഥാനാര്‍ത്ഥി വീതം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തവനൂര്‍ നിയമസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ.കെ.ടി ജലീല്‍ വരണാധികാരി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍. ശ്രീരേഖയ്ക്കും തിരൂരങ്ങാടി മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി അബ്ദു റഹീം നഹ വരണാധികാരി ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) പി.പി ശാലിനിയ്ക്ക് മുമ്പാകെയുമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് രണ്ടാം ദിനത്തില്‍ ആരും പത്രിക സമര്‍പ്പിച്ചിട്ടില്ല.

 

കര്‍ശന കോവിഡ് മാനദണ്ഡങ്ങളോടെയാണ് നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ റിട്ടേണിങ് ഓഫിസര്‍മാരുടെ ഓഫീസുകളില്‍ നടക്കുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തുന്ന സ്ഥാനാര്‍ത്ഥിയുടെയും ഒപ്പമെത്തുന്നവരുടെയും ശരീര ഊഷ്മാവ് പരിശോധിച്ചാണ് വരണാധികാരിയുടെ റൂമിലേക്ക് പ്രവേശിപ്പിക്കുന്നത്. മാസ്‌ക്, ഗ്ലൗസ്, ഫെയ്‌സ് ഷീല്‍ഡ് എന്നിവ ധരിച്ച് ശാരിരീക അകലം പാലിച്ചാണ് ഓരോ സ്ഥാനാര്‍ത്ഥിയും പത്രിക സമര്‍പ്പിച്ചത്. വരണാധികാരിയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും മാസ്‌ക്, കൈയുറ തുടങ്ങിയവ ധരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചിരുന്നു.

നിയമസഭ, മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് മാര്‍ച്ച് 19 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് പത്രികാ സമര്‍പ്പണം. സ്ഥാനാര്‍ത്ഥിക്ക് നേരിട്ടോ പിന്തുണയ്ക്കുന്നയാള്‍ക്കോ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.

നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന മാര്‍ച്ച് 20ന് രാവിലെ 11ന് നടക്കും. മാര്‍ച്ച് 22ന് വൈകീട്ട് മൂന്ന് വരെ നാമനിര്‍ദേശപത്രികകള്‍ പിന്‍വലിക്കാം. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്ന സമയത്ത് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ പരമാവധി മൂന്ന് പേര്‍ക്ക് മാത്രമായിരിക്കും വരണാധികാരിയുടെ മുറിയില്‍ പ്രവേശനം. വരണാധികാരിയുടെ കാര്യാലയത്തിന് 100 മീറ്റര്‍ പരിധിയില്‍ രണ്ട് വാഹനങ്ങളില്‍ കൂടുതല്‍ പ്രവേശിക്കുവാന്‍ പാടില്ല. സ്ഥാനാര്‍ത്ഥിയും കൂടെ വരുന്നവരും മാസ്‌ക്, ഗ്ലൗസ്, ഫേസ് ഷീല്‍ഡ് എന്നിവ നിര്‍ബന്ധമായും ധരിച്ചിരിക്കണം.