ജില്ലയില്‍ നാല് സ്ഥാനാര്‍ത്ഥികള്‍ കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിലേക്കും മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്കുമുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ (മാര്‍ച്ച് 16) നാല് പേര്‍ പത്രിക സമര്‍പ്പിച്ചു. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് ഒരു സ്ഥാനാര്‍ത്ഥിയും നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മൂന്ന് സ്ഥാനാര്‍ത്ഥികളുമാണ് വരണാധികാരികള്‍ക്ക് മുമ്പാകെ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചത്.

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (എസ്.ഡി.പി.ഐ) സ്ഥാനാര്‍ത്ഥിയായി തസ്ലീം അഹമ്മദ് റഹ്‌മാനിയാണ് വരണാധികാരിയായ ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് തിരൂര്‍ മണ്ഡലത്തില്‍ മുഹമ്മദ് ഷരീഫ് പരിയാരത്ത് രണ്ട് പത്രികകള്‍ വീതം വരണാധികാരിയായ ഇറിഗേഷന്‍ മലപ്പുറം ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.എസ് സുജയ്ക്ക് മുമ്പാകെ സമര്‍പ്പിച്ചു.

പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി അബൂബക്കര്‍ വരണാധികാരിയായ സബ് കലക്ടര്‍ കെ.എസ് അഞ്ജുവിനും നിലമ്പൂര്‍ മണ്ഡലത്തില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി മണി വരണാധികാരിയായ നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.ജെ മാര്‍ട്ടിന്‍ ലോവലിനും പത്രികകള്‍ നല്‍കി. ഇതോടെ ജില്ലയില്‍ നാമനിര്‍ദേശ പത്രികകള്‍ നല്‍കിയ സ്ഥാനാര്‍ത്ഥികളുടെ എണ്ണം ആറും പത്രികകളുടെ എണ്ണം ഏഴുമായി.