ഒറ്റയ്ക്കുകഴിയുന്ന സ്ത്രീകളെ ക്ലാറോഫോം മണപ്പിച്ച് കവർച്ച നടത്തുന്ന സംഘത്തവൻ പിടിയിൽ.

രണ്ടുവർഷം മുൻപ് ജാമ്യത്തിലിറങ്ങിയ ഇയാൾ മഞ്ചേരിയിൽ വാടകവീട്ടിൽ രഹസ്യമായി താമസിച്ചുവരികയായിരുന്നു. പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിരൂരങ്ങാടി:രാത്രികാലങ്ങളിൽ വീട്ടുകാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയും ക്ലോറോഫോം മണപ്പിച്ചും വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുന്ന സംഘത്തിലെ തലവൻ പോലീസ് പിടിയിലായി.

 

വേങ്ങര പറപ്പൂർ കൂളത്ത് അബ്ദുറഹീമിനെ(41)യാണ് ആന്റി നർക്കോട്ടിക് സ്‌ക്വാഡും തിരൂരങ്ങാടി പോലീസും ചേർന്ന് ചെമ്മാട്ടുവെച്ച് പിടികൂടിയത്. ജനുവരി 15-ന് മൂന്നിയൂർ നെടുമ്പറമ്പ് അഹമ്മദ്കബീറിന്റെ വീടിന്റെ ഓടിളക്കി അകത്തുകടന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തി വിലകൂടിയ മൊബൈൽഫോണും പണവും കവർന്നതും ഇയാളുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഈ കേസിന്റെ അന്വേഷണത്തിനിടെയാണ് അബ്ദുറഹീം പിടിയിലായത്.

മോഷ്ടിച്ച മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇയാളെ തിരിച്ചറിഞ്ഞത്. അഞ്ചുവർഷം മുൻപ് റഹീമിന്റെ നേതൃത്വത്തിലുള്ള സംഘം വീടുകളിൽ ഒറ്റയ്ക്കുകഴിയുന്ന സ്ത്രീകളെ ക്ലാറോഫോം മണപ്പിച്ച് കവർച്ച നടത്തിയതടക്കം മുപ്പതോളം കേസുകളിൽ ഈ സംഘം ഉൾപ്പെട്ടിട്ടുണ്ട്.

ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത്‌ദാസിന്‌ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി എം. ഷാജിയുടെ നിർദേശപ്രകാരം തിരൂരങ്ങാടി എസ്.ഐ ബിബിൻ, ആന്റി നർക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.