വികസന പ്രവർത്തനങ്ങൾ ജനങ്ങളുമായി സംവദിച്ച് മഹാപഞ്ചായത്ത്; ഓപ്പൺ ഫോറം സംഘടിപ്പിച്ചു.

താനൂർ: കഴിഞ്ഞ അഞ്ചുവർഷത്തെ വികസന പ്രവർത്തനങ്ങൾ ജനങ്ങളുമായി സംവദിച്ച് മഹാപഞ്ചായത്ത് എന്ന പേരിൽ ഓപ്പൺ ഫോറം സംഘടിപ്പിച്ചു. താനൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന താനൂർ നഗരസഭ, നിറമരുതൂർ, ഒഴൂർ, പൊന്മുണ്ടം, ചെറിയമുണ്ടം, താനാളൂർ എന്നീ പഞ്ചായത്തുകളിലാണ് എൽഡിഎഫ് പ്രകടനപത്രിക പൂർത്തീകരണത്തിന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചത്. 

കഴിഞ്ഞ അഞ്ചുവർഷത്തെ വികസനപ്രവർത്തനങ്ങളിൽ താനൂരിലെ ജനത പൂർണ തൃപ്തരാണെന്നും, വി അബ്ദുറഹ്മാൻ തുടരണമെന്നുമാണ് മഹാ പഞ്ചായത്തുകളിൽ വോട്ടർമാർ അഭിപ്രായം പങ്കു വെച്ചത്.

ആദ്യഘട്ടം പൂർത്തിയായ താനൂർ നിയോജക മണ്ഡലം സമഗ്ര കുടിവെള്ള പദ്ധതിയുടെ വിതരണശൃംഖല പൂർത്തീകരിച്ച് മുഴുവൻ വീടുകളിലേക്കും കുടിവെള്ളം ലഭ്യമാക്കണമെന്നാണ് ബഹുഭൂരിപക്ഷം പേരുടെയും പ്രധാന ആവശ്യമായി ഉയർന്നു വന്നത്. വീണ്ടും അധികാരത്തിലെത്തിയാൽ ഒരു വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കുമെന്ന് വി അബ്ദുറഹ്മാൻ വോട്ടർമാർക്ക് ഉറപ്പുനൽകി.

നിറമരുതൂർ മഞ്ഞളംപടിയിൽ നടന്ന മഹാ പഞ്ചായത്തിൽ വി അബ്ദുറഹിമാൻ സംസാരിക്കുന്നു.

പശ്ചാത്തല സൗകര്യ വികസനം വലിയ തോതിൽ നടപ്പിലാക്കിയ താനൂർ നിയോജക മണ്ഡലത്തിൽ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കണമെന്നാണ് യുവാക്കളുടെ ആവശ്യം. പദ്ധതിക്കു പ്രഥമ പരിഗണനയുണ്ടെന്ന് വി അബ്ദുറഹ്മാൻ മറുപടി നൽകി.

സിആർഇസെഡ് പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും, ദേവധാർ ഗവ ഹയർ സെക്കൻഡറി സ്കൂളിനാെപ്പം മണ്ഡലത്തിലെ മുഴുവൻ ഗവ. സ്കൂളുകളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തണമെന്നും വോട്ടർമാർ ആവശ്യമുന്നയിച്ചു.

മഞ്ഞളംപടി,താനൂർ ബസ്സ്റ്റാൻഡ് പരിസരം, കുറുവട്ടിശ്ശേരി, വൈലത്തൂർ, ചെറിയമുണ്ടം, പകര എന്നിവിടങ്ങളിൽ നടന്ന മഹാ പഞ്ചായത്തുകളിൽ എ കേശവൻ, എം ഗോപിനാഥൻ, എം മുരളീധരൻ, എ എൻ സവിത, ജി ജയപ്രകാശ് തുടങ്ങിയവർ മോഡറേറ്റർമാരായി. വോട്ടർമാരുടെ നിർദ്ദേശങ്ങൾക്കും, അഭിപ്രായങ്ങൾക്കും, ചോദ്യങ്ങൾക്കും വി അബ്ദുറഹ്മാൻ മറുപടി നൽകി.