കുടുംബാംഗമായി മാറി മഞ്ഞളാംകുഴി അലിയുടെ ഗൃഹ സന്ദർശനം
കൊളത്തൂർ : പൈങ്ങീരി രായിൻകുട്ടി ഹാജിയുടെയും വാര്യത്ത് ഗോപികൃഷ്ണന്റെയും വീടുകളിലേക്ക് കുടുംബത്തിലെ ഒരംഗത്തെപ്പോലെ യു.ഡി.എഫ് മങ്കട മണ്ഡലം സ്ഥാനാർഥി മഞ്ഞളാംകുഴി അലി കടന്നെത്തുമ്പോൾ വീട്ടുകാർക്കും ഒട്ടും അപരിചിത്വത്തമില്ല.
മൂർക്കനാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗൃഹ സന്ദർശനം നടത്തുമ്പോൾ ഗൃഹനാഥനെ പേര് വിളിച്ചു ചെല്ലുന്നത്ര പരിചയം അലിക്ക് അവിടുത്തുകാരോടുണ്ട്. മങ്കട മണ്ഡലത്തിൽ ദീർഘകാലം ജനപ്രതിനിധിയായതിന്റെ പരിചയമാണ് എവിടെ ചെല്ലുമ്പോളും ജനങ്ങൾ പ്രകടിപ്പിക്കുന്നത്. കുടിവെള്ളമടക്കം വികസന കാര്യങ്ങളിൽ മണ്ഡലത്തിൽ എംഎൽഎ എന്ന നിലയിൽ ചെയ്തത് സ്നേഹത്തോടെ സന്ദർശന വേളയിൽ അദ്ദേഹത്തെ ഓര്മിപ്പിക്കാനും നാട്ടുകാർ മറന്നില്ല.
രാവിലെ കൊളത്തൂരിൽ നിന്നാണ് ബുധനാഴ്ചത്തെ സന്ദർശനം തുടങ്ങിയത്. സ്റ്റേഷൻപടി എത്തിയപ്പോൾ ഹോട്ടൽ നടത്തുന്ന പെരുമ്പുള്ളി ഹസൈനാരുടെ സ്നേഹപൂർവ്വമുള്ള നിർബന്ധത്തിനു വഴങ്ങി കടുപ്പത്തിലൊരു ചായ. ഒപ്പം ഭൂരിപക്ഷം പതിനായിരത്തിലേറുമെന്നു ഹസൈനാരുടെ ഉറപ്പും. തുടർന്ന് ഷേഖൻ പറമ്പിൽ അഹമ്മദ് ഹാജി, വാര്യത് ഉണ്ണി, കുഞ്ഞിപരീത് ഹാജി, തുടങ്ങിയവരുടെയൊക്കെ വീടുകളിലെത്തി സൗഹൃദം പുതുക്കി. സ്ഥാനാർഥി എത്തുന്നതറിഞ്ഞു കുട്ടികളും യുവാക്കളും പലയിടങ്ങളിൽ കത്ത് നിന്നിരുന്നു.
വെങ്ങാട് നായരുപാടിയിൽ കെ എം സി സിയുടെ ജേഴ്‌സിയണിഞ്ഞ കുട്ടി ഫുട്‌ബോൾ താരങ്ങൾക് നിർബന്ധം അലിയാക്കക്കൊപ്പം ഫോട്ടോയെടുക്കണം. പിന്നെ അവരിലൊരാളായി കുശലം പറഞ്ഞു ഫോട്ടോ എടുത്താണ് സ്ഥാനാർഥി മടങ്ങിയത്.
പുന്നക്കാട് ജമുലൈലി തങ്ങളുടെ അനുഗ്രഹം തേടിയും സ്ഥാനാര്ഥിയെത്തി വടക്കുംപുറത്ത് ബസ്സ് വെയിറ്റിങ് ഷെഡിൽ കൂടിയിരുന്ന ന്യൂജൻ യുവാക്കളെ കണ്ടപ്പോൾ അവർക്കൊപ്പമിരുന്നു അല്പം വിശേഷം പറച്ചിൽ. കൂട്ടത്തിലെ റാഷിദിന്റെ നീട്ടിവളർത്തിയ മുടിയഴിച്ചിട്ട് അലിയുടെ തമാശ കൂട്ടചിരിയുയർത്തി. വെങ്ങാട് ടൗൺ, പൊട്ടിക്കുഴി അങ്ങാടി, തുടങ്ങിയയിടങ്ങളിലും കടയിടങ്ങളിൽ വോട്ടഭ്യർത്ഥന നടത്തി. വൈകിട്ട് വിവിധ തിരഞ്ഞെടുപ്പ് കൺവെൻഷനുകളിലും സ്ഥാനാർഥി പങ്കെടുത്തു…