ഏക സിവിൽ കോഡ്: കേന്ദ്രമന്ത്രിയുടെ പ്രസ്താവന രാജ്യത്തിന് ഭീഷണി _ ഡോ.തസ്ലിം റഹ് മാനി
മലപ്പുറം : ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന കേന്ദ്ര മന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രഖ്യാപനം ജനാധിപത്യ വിരുദ്ധവും രാജ്യത്തിന് ഭീഷണിയുമാണെന്ന് എസ് ഡി പി ഐ ദേശീയ സെക്രട്ടറിയും മലപ്പുറം ലോക്സഭാ സ്ഥാനാർഥിയുമായ ഡോ. തസ്ലിം റഹ്മാനി, കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനത്തെ അദ്ദേഹം അപലപിച്ചു. ഏക സിവിൽ കോഡിനെതിരായി സി എ എ വിരുദ്ധ പ്രക്ഷോഭത്തിന് സമാനമായ നിലയിൽ ദേശവ്യാപകമായി ശക്തമായ സമരത്തിന് എസ്ഡിപിഐ നേതൃത്വം നൽകുമെന്നും അദേഹം മുന്നറിയിപ്പു നൽകി. മുത്വലാഖ് , പൗരത്വ നിയമം, കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കൽ, ബാബരി ഭുമിയിൽ രാമ ക്ഷേത്ര നിർമാണം തുടങ്ങിയവ പ്രാബല്യത്തിലാക്കിയതു പോലെ ഏക സിവിൽ കോഡും നടപ്പാക്കുമെന്നാണ് രാജ്നാഥ് സിങ് അവകാശപ്പെടുന്നത്. ആർട്ടിക്കിൾ 44 മാർഗ നിർദ്ദേശങ്ങൾ മാത്രമാണെന്ന് രാജ്നാഥ് സിങ് മനസിലാക്കണം. കശ്മീരികളെ തോക്കിൻ മുനയിൽ നിർത്തിയാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയത്. ജനാധിപത്യ മര്യാദകൾ ലംഘിച്ചും പൗരന്മാരുടെ താൽപര്യങ്ങളെയും അവകാശങ്ങളെയും അവഗണിച്ചുമാണ് കേന്ദ്ര ബി.ജെ പി സർക്കാർ അവരുടെ അജണ്ടകൾ നടപ്പാക്കുന്നത്. ഒരു രാജ്യം ഒരു നിയമം എന്നത് നടപ്പാക്കാൻ രാജ്യത്ത് കഴിയില്ല. വൈവിധ്യങ്ങളുടെ സംഗമ ഭൂമിയാണ് ഇന്ത്യ. വ്യത്യസ്തങ്ങളായ മതങ്ങളും സംസ്ക്കാരങ്ങളും ഭാഷകളും ഇവിടെയുണ്ട്. രാജ്യത്തിന്റെ ഭരണഘടനയെ നാം ആദരിക്കുന്നു. എല്ലാ മതങ്ങളെയും സംസ്കാരങ്ങളെയും ഭാഷകളെയും പ്രാദേശികതയെയും ബഹുമാനിക്കുന്നു. ഭരണഘടന ഉറപ്പാക്കുന്ന മൗലീകാവകാശങ്ങളെ ലംഘിക്കാൻ ഒരു ഭരണകൂടത്തിനും കഴിയില്ല. ഫാഷിസ്റ്റ് അജണ്ടകൾക്കനുസരിച്ച് ഒരു മതം ഒരു സംസ്കാരം എന്ന നിലയിലേക്ക് രാജ്യത്തെ മാറ്റാൻ രാജ്യത്തെ സ്നേഹിക്കുന്ന പൗരന്മാർ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.