ഇടതുപക്ഷം കേരളത്തെ ഏതാനും സ്വർണ കട്ടികൾക്ക് വേണ്ടി ഒറ്റു കൊടുത്തു, നരേന്ദ്ര മോദി.

പാലക്കാട്: കഴിഞ്ഞ പലവർഷങ്ങളായി കേരളരാഷ്ട്രീയത്തിലെ പരസ്യമായ രഹസ്യമാണ് എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള സൗഹൃദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് എൻ.ഡി.എ. തിരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്താണ് ഈ ഒത്തുകളിയെന്ന് കേരളത്തിലെ ആദ്യമായി വോട്ട് ചെയ്യുന്ന ചെറുപ്പക്കാർ ചോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചുവർഷം ഒരു കൂട്ടർ കൊള്ളയടിക്കുന്നു. അടുത്ത അഞ്ചുവർഷം വേറൊരു കൂട്ടർ കൊള്ളയടിക്കുകയാണ്. എൽ.ഡി.എഫും യു.ഡി.എഫും ഈ നാട്ടിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പശ്ചിമ ബെംഗാളിൽ കോൺഗ്രസും ഇടതുപക്ഷവും ഒറ്റക്കെട്ടാണ്. യു.പി.എ. ഒന്നാം സർക്കാരിൽ ഇടതുപക്ഷവും കോൺഗ്രസും ഘടകകക്ഷികളായിരുന്നു. രണ്ടാം യു.പി.എയിൽ കോൺഗ്രസ് സർക്കാരിന് ഇടതുപക്ഷം പിന്തുണ നൽകി. പക്ഷെ ഇവിടെ തിരഞ്ഞെടുപ്പു കാലത്ത് ഇവർ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നു. എന്നാൽ തിരഞ്ഞെടുപ്പു കഴിഞ്ഞാൽ ആരോപണങ്ങളിൽ ആ ആരോപണങ്ങളിൽ ഒരു നടപടിയും ഉണ്ടാകുന്നില്ല- മോദി വിമർശിച്ചു.

വ്യത്യസ്ത പേരുകൾ ഒരേ തരത്തിലുള്ള പ്രവർത്തികൾ എന്നാണ് കേരളത്തിലെ യുവാക്കൾ എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും കുറിച്ചു പറയുന്നത്. അവർക്ക് രണ്ടു കൂട്ടർക്കും പണമുണ്ടാക്കാനുള്ള അവരുടേതായ മാർഗമുണ്ട്. യു.ഡി.എഫുകാർ സുര്യന്റെ രശ്മികൾ പോലും വെറുതെ വിടില്ല. അതുപോലും പണമുണ്ടാക്കാൻ വഴിയാക്കി. യൂദാസ് യേശുവിനെ വെള്ളിക്കാശിന് ഒറ്റുകൊടുത്തതു പോലെ ഇടതുപക്ഷക്കാർ കേരളത്തെ ഏതാനും സ്വർണ നാണയങ്ങൾക്കു വേണ്ടിയും സ്വർണക്കട്ടികൾക്കു വേണ്ടിയും ഒറ്റിക്കൊടുത്തുവെന്നും മോദി പറഞ്ഞു.

 

 

നമ്മുടെ രാജ്യത്തെ രാഷട്രീയരംഗത്തെ അഞ്ച് ഗുരുതരമായ രോഗങ്ങൾ ബാധിച്ചിരിക്കുകയാണെന്നും മോദി പറഞ്ഞു. അഴിമതി, ജാതീയത, വർഗീയത, കുടുംബാധിപത്യം ഉൾപ്പെടെയുള്ള സ്വജനപക്ഷപാതം, ക്രിമിനൽവത്കരണം എന്നിവയാണ് ഈ രോഗങ്ങൾ. ഈ രോഗങ്ങളുടെയും അടിസ്ഥാനപരമായ കാരണം വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. എൽ.ഡി.എഫും യു.ഡി.എഫും വോട്ട് ബാങ്ക് രാഷ്ട്രീയത്തിലെ രാജാക്കന്മാരാണ്. എൽഡിഎഫിനും യുഡിഎഫിനും രണ്ടുലക്ഷ്യങ്ങളാണുള്ളത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തെ കൂടുതൽ ശക്തിപ്പെടുത്തുക, സ്വന്തം കീശവീർപ്പിക്കുക. ഈ ഒത്തുകളി തള്ളിക്കളയേണ്ട സമയം അതിക്രമിച്ചിരിക്കുകയാണന്നും മോദി പറഞ്ഞു.