ആന്ധ്രാപ്രദേശില്‍ നിന്ന് കടത്തിക്കൊണ്ട് വന്ന 26 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പൊലീസ് പിടിയില്‍.
ആംബുലന്‍സിലും സംഘം ഇത്തരത്തില്‍ കഞ്ചാവ് കടത്ത് നടത്തിയിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്
ആന്ധ്രാപ്രദേശില്‍ നിന്ന് കടത്തിക്കൊണ്ട് വന്ന 26 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പൊലീസ് പിടിയില്‍. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ തിനവിള പുത്തന്‍ വീട്ടില്‍ ജോക്കര്‍ എന്ന് വിളിക്കുന്ന അനൂപ് (29), പാറശാല മുറിയത്തോട്ടം തരശില്‍ വീട്ടില്‍ അനീഷ് (27) എന്നിവരെയാണ് ഡിസ്ട്രിക്ട് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് ടീമിന്റെ സഹായത്തോടെ നേമം പൊലീസ് അറസ്റ്റ് ചെയ്തത്.
നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രദീപ്കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗരത്തിലും സമീപപ്രദേശങ്ങളിലും ചില്ലറ വില്‍പനക്കാര്‍ക്ക് കഞ്ചാവ് എത്തിക്കുന്ന ഈ സംഘത്തിനെ ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. ഇവരുടെ യാത്രാവിവരങ്ങള്‍ മനസിലാക്കി നേമം പൊലീസുമായി ചേര്‍ന്ന് പള്ളിച്ചല്‍ ജംഗ്ഷനില്‍ വച്ച് വാഹനം തടഞ്ഞാണ് 26 കിലോ കഞ്ചാവുമായി പിടികൂടിയത്.
കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതികളില്‍ ഒരാളായ അനീഷ് ആംബുലന്‍സ് ഡ്രൈവറാണ്. ആംബുലന്‍സിലും സംഘം ഇത്തരത്തില്‍ കഞ്ചാവ് കടത്ത് നടത്തിയിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഡോ. വൈഭവ് സക്‌സേന അറിയിച്ചു. നേമം എസ്എച്ച്ഒ മുബാരക്, എസ്‌ഐമാരായ അനീഷ് എബ്രഹാം, രവി, എഎസ്‌ഐ ജ്യോതിഷ് കുമാര്‍, സിപിഒമാരായ രേവതി, സാജന്‍, എസ്‌ഐ ഗോപകുമാര്‍, സജി, വിനോദ്, രഞ്ജിത്, അരുണ്‍, ഷിബു, നാജിബഷീര്‍, ചിന്നു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.