സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാവുന്നവര്‍ അനുദിനം വര്‍ധിക്കുകയാണ്:ജില്ലയില്‍ 897 പേര്‍ക്ക് കോവിഡ്
മലപ്പുറം: മലപ്പുറം ജില്ലയില്‍ 897 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാവുന്നവര്‍ അനുദിനം വര്‍ധിക്കുകയാണ്. 821 പേര്‍ക്കാണ് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഉറവിടമറിയാതെ 65 പേര്‍ക്കും ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരായവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും രണ്ട് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേസമയം വിദഗ്ധ ചികിത്സയ്ക്ക് ശേഷം 731 പേര്‍ ഇന്ന് രോഗമുക്തരായി. ഇതുവരെ 34,105 പേരാണ് ജില്ലയില്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഇതര വകുപ്പുകളുമായി ചേര്‍ന്ന് നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുമ്പോഴും ആരോഗ്യ ജാഗ്രത പാലിക്കുന്നതിലെ അലംഭാവമാണ് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതര്‍ വന്‍തോതില്‍ വര്‍ധിക്കാന്‍ കാരണമായിരിക്കുന്നത്. ആശങ്കാജനകമായ സ്ഥിതിയാണിതെന്നും രോഗപ്രതിരോധത്തിനായുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചകളും അനുവദിക്കില്ലെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
55,678 പേര്‍ നിരീക്ഷണത്തില്‍
55,678 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 10,504 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 541 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,145 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ ജില്ലയില്‍ നിന്ന് പരിശോധനക്കയച്ച 2,40,401 സാമ്പിളുകളില്‍ 4,660 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ഇതുവരെ 192 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.