ജില്ലയില്‍ കോവിഡ് പ്രതിരോധം ശക്തമാക്കുന്നു

ബീച്ചുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും അഞ്ച് മണിക്ക് ശേഷം സന്ദര്‍ശകരെ അനുവദിക്കില്ല.

കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചതായി ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. കൃത്യമായ ലക്ഷ്യബോധത്തോടെ കോവിഡ് പ്രതിരോധം നടപ്പാക്കാനും ആള്‍ക്കൂട്ടം ഒഴിവാക്കാനും ചീഫ് സെക്രട്ടറി വി.പി ജോയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനതല കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചതായും കലക്ടര്‍ അറിയിച്ചു. കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് (ഏപ്രില്‍ 13) രാവിലെ 11.30ന് ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ മതമേലധ്യക്ഷന്‍മാരുടെ യോഗം കലക്ടറേറ്റില്‍ ചേരും.

 

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. രാത്രി ഒമ്പതോടെ മെഡിക്കല്‍ ഷോപ്പ് ഒഴികെയുള്ള എല്ലാ കടകളും അടച്ച് സഹകരിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. വിവാഹം ഉള്‍പ്പെടെയുടെ ചടങ്ങുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കുകയും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും വേണം. റസ്റ്റോറന്റുകളില്‍ പാഴ്സല്‍ പ്രോത്സാഹിപ്പിക്കണം. 50 ശതമാനം സീറ്റുകളില്‍ മാത്രം ആളുകളെ അനുവദിച്ച് തിരക്ക് കുറയ്ക്കാന്‍ സഹകരിക്കണമെന്നും കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ മുഖേന കോവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കും.

 

60 വയസ്സിന് മുകളിലുള്ളവരും പത്ത് വയസ്സിന് താഴെയുള്ള കുട്ടികളും നിര്‍ബന്ധമായും വീടുകളില്‍ തന്നെ കഴിയണം. ബസുകളില്‍ തിരക്ക് നിയന്ത്രിക്കുകയും നിന്ന് യാത്ര ചെയ്യുന്നത് പരമാവധി ഒഴിവാക്കാനും ശ്രദ്ധിക്കണം. കടകള്‍, ആശുപത്രികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം. സ്വകാര്യ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും പഞ്ചിങ് പാടില്ല. മെഗാസെയില്‍, ഷോപ്പിങ് ഫെസ്റ്റിവല്‍ എന്നിവ നിയന്ത്രിക്കണം. അത്യാവശ്യമായ യോഗങ്ങള്‍ ഓണ്‍ലൈനായി നടത്താം. ഇന്‍ഡോര്‍ യോഗങ്ങളില്‍ പരമാവധി നൂറുപേരെയും ഔട്ട് ഡോര്‍ യോഗങ്ങളില്‍ 200 പേരെയും മാത്രമേ പങ്കെടുക്കാന്‍ അനുവദിക്കൂ. ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുകയും രോഗികള്‍ പരമാവധി ഇ-സഞ്ജീവനി സൗകര്യം പ്രയോജനപ്പെടുത്തുകയും വേണം. ബീച്ചുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും അഞ്ച് മണിക്ക് ശേഷം സന്ദര്‍ശകരെ അനുവദിക്കില്ല.

 

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടവര്‍ നിര്‍ബന്ധമായും കോവിഡ് ടെസ്റ്റിന് വിധേയരാകണം. ഉത്സവങ്ങള്‍ മിതമായ രീതിയില്‍ മാത്രം ആഘോഷിക്കാന്‍ ശ്രദ്ധിക്കണം. പൊതുജനങ്ങളുമായി ഇടപെടുന്ന ഓഫീസുകളിലെ ജീവനക്കാര്‍ ഒരാഴ്ചക്കകം തന്നെ കോവിഡ് ടെസ്റ്റിന് വിധേയരാകണം. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ അഞ്ച് ദിവസം കഴിഞ്ഞ് നിര്‍ബന്ധമായും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ചെയ്യണം.