കോവിഡിനൊപ്പം ജില്ലയില്‍ ടെറ്റനസ് രോഗവും സ്ഥിരീകരിച്ചു
പ്രതിരോധ കുത്തിവെപ്പില്‍ അനാസ്ഥ പാടില്ല: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കോവിഡ് വ്യാപനം ആശങ്കയായി തുടരുന്നതിനിടെ മലപ്പുറം ജില്ലയില്‍ ടെറ്റനസ് രോഗവും സ്ഥിരീകരിച്ചു. തിരൂര്‍, തലക്കടത്തൂര്‍ പ്രദേശങ്ങളിലുള്ള മൂന്ന്, ആറ് വയസ് പ്രായമുള്ള കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. രണ്ട് കുട്ടികളും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
രോഗം ബാധിച്ച ആറ് വയസുള്ള കുട്ടിക്ക് പ്രതിരോധ കുത്തിവെപ്പുകളൊന്നും നല്‍കിയിട്ടില്ല. മൂന്ന് വയസുള്ള കുട്ടിക്ക് ഭാഗികമായി മാത്രമെ കുത്തിവെപ്പെടുത്തിട്ടുള്ളൂ. ഗര്‍ഭിണികള്‍ രണ്ട് ഡോസ് ടി.ടി. കുത്തിവെപ്പെടുക്കാത്തതും ജനന ശേഷം കുട്ടികള്‍ക്ക് യഥാസമയം പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കാത്തതുമാണ് പൊതുവെ ടെറ്റനസ് രോഗബാധക്ക് കാരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. പ്രതിരോധ കുത്തിവെപ്പിലൂടെ തടയാവുന്ന രോഗമാണിത്. ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന അലംഭാവം കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തില്‍ വലിയ വെല്ലുവിളിയാണ് തീര്‍ക്കുന്നത്. ആരോഗ്യ രംഗത്തെ ഫലപ്രദമായ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ പൊതു സമൂഹം തയ്യാറാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.
രോഗബാധ സ്ഥിരീകരിച്ച രണ്ട് സ്ഥലങ്ങളിലും ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ മേഖലകളില്‍ വരും ദിവസങ്ങളില്‍ ഊര്‍ജിത പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും ഇതില്‍ പൊതുജന പങ്കാളിത്തം ഉറപ്പാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.