വോട്ടെണ്ണൽ ദിനത്തിൽ ആഘോഷങ്ങൾ പാടില്ല. അടുത്ത ബുധൻ, വ്യാഴം ദിവസങ്ങളിൽ 3 ലക്ഷം പേർക്ക് കൊവിഡ് പരിശോധന നടത്തും.
തിരുവനന്തപുരം: കൊവിഡിന്റെ തീവ്രവ്യാപനം പിടിച്ച് നിർത്താൻ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. നാളെ മുതൽ രാത്രി കർഫ്യൂ നിലവിൽ വരും. രാത്രി 9 മണി മുതൽ രാവിലെ 5 വരെയാണ് നിയന്ത്രണം. വോട്ടെണ്ണൽ ദിനമായ മെയ് 2 ന് ആഘോഷങ്ങൾ പാടില്ല. അടുത്ത ബുധൻ, വ്യാഴം ദിവസങ്ങളിൽ 3 ലക്ഷം പേർക്ക് കൊവിഡ് പരിശോധന നടത്തും. നിലവിലെ സാഹചര്യത്തിൽ വോട്ടെണ്ണൽ ദിവസം ആഘോഷങ്ങളും ആൾക്കൂട്ടവും പാടില്ലെന്നും മുഖ്യമന്ത്രിക്ക് നൽകിയ കുറുപ്പിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കോർ കമ്മിറ്റി നിർദ്ദേശിച്ചു.
അതിതീവ്രവ്യാപനം തടയാൻ വേണ്ടിയാണ് സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്ക് മടങ്ങുന്നത്. രാവിലെ ചീഫ് സെക്രട്ടറിവിളിച്ച യോഗത്തിൽ പൊലീസാണ് രാത്രികാല കർഫ്യൂ എന്ന നിർദ്ദേശം മുന്നോട്ട് വച്ചത്. വരും ദിവസങ്ങളിൽ കേസുകളുടെ എണ്ണം കൂടുമെന്ന സാഹചര്യം മുന്നിൽ കണ്ട് നിയന്ത്രണം കടുപ്പിക്കണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. ഉച്ചക്ക് ശേഷം ചേർന്ന ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കോർകമ്മിറ്റി യോഗം ഇത് അംഗീകരിക്കുകയായിരുന്നു. രാത്രി 9 മണി മുതൽ രാവിലെ അഞ്ച് മണിവരെയാണ് കർഫ്യൂ. ജനങ്ങൾ കൂട്ടം കൂടി നിൽക്കുന്നതിനും പുറത്തിറങ്ങുന്നതിനുമാണ് നിയന്ത്രണം. ചരക്ക് ഗതാഗതത്തെയും പൊതുഗതാഗതത്തെയും ബാധിക്കാതെയാണ് നിയന്ത്രണം.എന്നാൽ ടാക്സികളിൽ നിശ്ചിത ആളുകൾ മാത്രമേ കയറാവൂ. നിലവിൽ രണ്ടാഴ്ചത്തേക്കാണ് കർഫ്യൂ തീരുമാനിച്ചിരിക്കുന്നതെങ്കിലും സ്ഥിതിഗതികൾ ഇടക്ക് വിലയിരുത്തും.
സിനിമാ തീയറ്ററുകൾ മാളുകൾ മൾട്ടിപ്ലക്സുകൾ എന്നിവയുടെ പ്രവർത്തനം ഏഴര മണിവരെയാക്കി ചുരുക്കി. ട്യൂഷൻ ക്ലാസുകൾ അനുവദിക്കില്ല. ഓൺലൈൻ ക്ലാസുകൾ മാത്രമേ പാടൂള്ളു. മെയ് വരെ പിഎസിസി പരീക്ഷൾ പാടില്ല. സർക്കാർ സ്ഥാപനങ്ങളും സ്വകാര്യസ്ഥാപനങ്ങൾക്കും സാധ്യമായ ഇടങ്ങളിൽ വർക്ക് ഫ്രം ഹോം നടപ്പാക്കണം.
ആരാധനാലയങ്ങളിൽ ഓൺലൈൻ സംവിധാനത്തിലുടെ ആരാധനകൾ ബുക്ക് ചെയ്യണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. മെയ് രണ്ടിന് ഫലപ്രഖ്യാപന ദിവസം ആഘോഷങ്ങൾ പാടില്ലെന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മുഖ്യമന്ത്രിക്ക് നൽകിയ കുറുപ്പിൽ വ്യക്തമാക്കുന്നു. ആൾക്കുട്ടങ്ങളും അനുവദിക്കരുത്. ബുധൻ വ്യാഴം ദിവസങ്ങളിൽ വീണ്ടും വ്യാപകപരിശോധന നടത്താൻ തീരുമാനിച്ചു. കാസർകോട് കളക്ടറുടെ ഉത്തരവ് വിവാദമായ സാഹചര്യത്തിൽ ജില്ലാ അതിർത്തികളിൽ ആർടിപിസിആർ പരിശോധാന ഫലം ചോദിക്കരുതെന്നും കമ്മിറ്റിയോഗം നിർദ്ദേശിച്ചു. മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനനടപടികൾ സ്വീകരിക്കാനാണ് തീരുമാനം.