സദാചാര പൊലീസ് ചമയൽ; ജൈസലിനെ ട്രോമാ കെയർ പുറത്താക്കി

അനുവാദം കൂടാതെ ഇവരുടെ ഫോട്ടോയെടുത്ത ജൈസൽ ഒരു ലക്ഷം രൂപ തന്നില്ലെങ്കിൽ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

മലപ്പുറം: കേരളത്തിന്റെ പ്രളയകാലങ്ങൾ മനസിലുള്ളവർക്കൊന്നും ജൈസൽ എന്ന പേര് പെട്ടെന്ന് മറക്കാൻ കഴിയില്ല. 2018ലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ തോണിയിലേക്ക് ചവിട്ടിക്കയറാൻ സ്വന്തം മുതുക് കാണിച്ചു കൊടുത്ത പ്രവർത്തിയാണ് ജൈസലിനെ ശ്രദ്ധേയനാക്കിയത്.

 

എന്നാൽ, സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെയും യുവതിയെയും തടഞ്ഞുനിർത്തി പണം തട്ടിയ കേസിൽ ജൈസലിനെ ഇപ്പോൾ ട്രോമാ കെയർ പുറത്താക്കിയിരിക്കുകയാണ്. സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് ജൈസലിനെ പുറത്താക്കിയ കാര്യം മലപ്പുറം ജില്ല ട്രോമാ കെയർ വാർത്താക്കുറിപ്പിൽ അറിയിച്ചു

അതേസമയം, ചില ആരോപണങ്ങളുമായി ബന്ധപ്പെട്ട് മാർച്ചിൽ ജൈസലിനെ ആറു മാസത്തേക്ക് സംഘടനയിൽ നിന്ന് മാറ്റി നിർത്തിയിരുന്നതാണെന്ന് ട്രോമാ കെയർ അറിയിച്ചു. എന്നാൽ, ഇത്തരത്തിൽ മാറ്റി നിർത്തിയ സമയത്താണ് ജൈസൽ സദാചാര പൊലീസ് ചമഞ്ഞ് പണം തട്ടാൻ ശ്രമിച്ചെന്ന പരാതി വന്നത്. ഇതോടെ മലപ്പുറം ജില്ല ട്രോമ കെയറിന്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് ജൈസലിനെ മാറ്റി നിർത്തുകയായിരുന്നു.

 

 

മലപ്പുറത്തെ താനൂർ ബീച്ചിൽ ആയിരുന്നു സംഭവം. ബീച്ചിൽ എത്തിയ യുവതിയെയും യുവാവിനെയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ നേരത്തെ പൊലീസ് കേസ് എടുത്തിരുന്നു. ഒരു ലക്ഷം രൂപ ജൈസൽ ആവശ്യപ്പെട്ടെന്നും 5000 രൂപ വാങ്ങിയെടുത്തെന്നും പരാതിക്കാരൻ പറഞ്ഞു. കേസെടുത്ത് അന്വേഷണം നടത്തുന്നത് താനൂർ പൊലീസ് ആണ്.

ഏപ്രിൽ പതിനഞ്ചിന് ആയിരുന്നു സംഭവം. താനൂരിലെ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ ഒരു യുവാവും യുവതിയും കാറിൽ എത്തിയതായിരുന്നു. അനുവാദം കൂടാതെ ഇവരുടെ ഫോട്ടോയെടുത്ത ജൈസൽ ഒരു ലക്ഷം രൂപ തന്നില്ലെങ്കിൽ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തൽക്കാലത്തേക്ക് ഗൂഗിൾ പേ വഴി 5000 രൂപ കൈമാറിയ ഇവർ ബാക്കി പണം പിന്നീട് നൽകാമെന്ന് പറഞ്ഞ് അവിടെ നിന്ന് രക്ഷപ്പെടുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.