ജില്ലയില്‍ ഏപ്രില്‍ 21, 22 ദിവസങ്ങളില്‍ മെഗാ കോവിഡ് പരിശോധന ഡ്രൈവ്
കോവിഡ് 19 പരിശോധന നടത്തി രോഗം ഇല്ലെന്ന് ഉറപ്പ് വരുത്തുന്നത്. യാതൊരു രോഗലക്ഷണങ്ങളും ഇല്ലാതെയും രോഗ ബാധ ഉണ്ടാകും എന്നത് രോഗ പകര്‍ച്ചക്ക് കൂടുതല്‍ വഴിവെക്കും
മലപ്പുറം: കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന മെഗാ കോവിഡ് പരിശോധന ഡ്രൈവ് ന്‍റെ ഭാഗമായി ജില്ലയില്‍ ഏപ്രില്‍ 21, 22 ദിവസങ്ങളില്‍ മെഗാ ടെസ്റ്റിങ്ങ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ: സക്കീന കെ അറിയിച്ചു. ഇതിന്‍റെ ഭാഗമായി രണ്ട് ദിവസങ്ങളിലായി 30000 പേര്‍ക്ക് കോവിഡ് 19 ടെസ്റ്റിങ്ങ് നടത്തുന്നതിനാണ് ജില്ലയില്‍ ലക്ഷ്യമിടുന്നത്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും, സ്വകാര്യ ആശുപത്രികളിലും കോവിഡ് 19 ടെസ്റ്റിങ്ങ് നടത്താനുള്ള സൗകര്യം ഈ ദിവസങ്ങളില്‍ ഉണ്ടാകും. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ മെഗാ കോവിഡ് പരിശോധന ഡ്രൈവില്‍ 26297 സാമ്പിള്‍ പരിശോധിച്ചതില്‍ 1802 പേര്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു.
കോവിഡ് വ്യാപനം തടയുന്നതില്‍ ഏറ്റവും പ്രാധാന്യം ഉള്ള കാര്യമാണ് കോവിഡ് 19 പരിശോധന നടത്തി രോഗം ഇല്ലെന്ന് ഉറപ്പ് വരുത്തുന്നത്. യാതൊരു രോഗലക്ഷണങ്ങളും ഇല്ലാതെയും രോഗ ബാധ ഉണ്ടാകും എന്നത് രോഗ പകര്‍ച്ചക്ക് കൂടുതല്‍ വഴിവെക്കും. കോവിഡിന്‍റെ രണ്ടാം തരംഗം കൂടുതല്‍ രൂക്ഷവും അപകടകരവുമാണ്. അത്കൊണ്ട് തന്നെ രോഗം നേരത്തെ കണ്ട് പിടിക്കുക എന്നത് വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇതുവഴി ഗുരുതരാവസ്ഥ ഒഴിവാക്കുന്നതിന്നും രോഗബാധിതരെ ഐസൊലേറ്റ് ചെയ്യുക വഴി രോഗപകര്‍ച്ച തടയുന്നതിന്നും സാധിക്കും.
രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍, രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍, പൊതുജനങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ സാധ്യതയുള്ളവര്‍, ഓട്ടോ ടാക്സി, ബസ്സ് ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, കളക്ഷന്‍ ഏജന്‍റുമാര്‍ തുടങ്ങിയവര്‍, കടകളിലും മാളുകളിലും ജോലി ചെയ്യുന്നവര്‍, ട്രോമ കെയര്‍ വളണ്ടിയര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വാക്സിന്‍ എടുക്കാത്തവര്‍, തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍, ആശുപത്രിയില്‍ ചികിത്സക്ക് എത്തുന്ന രോഗികള്‍, കൂട്ടിരിപ്പിന് പോയവര്‍ എന്നിവര്‍ പരിശോധന കേന്ദ്രങ്ങളിലെത്തി കോവിഡ് 19 പരിശോധനക്ക് വിധേയരാവണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.