വോട്ടെണ്ണൽ ദിനത്തിൽ ആഹ്ളാദപ്രകടനങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചു.
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ മേയ് രണ്ടാം തീയതി വോട്ടെണ്ണലിന് ശേഷമുള്ള ആഹ്ളാദപ്രകടനങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചു. വോട്ടെടുപ്പ് നടന്ന കേരളം, തമിഴ്നാട്, പുതുച്ചേരി, ബംഗാൾ, അസം എന്നീ അഞ്ചിടങ്ങളിലും വിലക്ക് ബാധകമാണ്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
തൊട്ടടുത്ത ദിവസവും ആഘോഷം പാടില്ലെന്നാണ് കമ്മീഷന്റെ നിർദേശം. ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസറിൽനിന്നും വിജയിച്ച സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പോകുമ്പോൾ വിജയിച്ചയാൾക്ക് രണ്ടിൽ കൂടുതൽ പേരെ ഒപ്പംകൂട്ടാൻ അനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. വിശദമായ ഉത്തരവ് ഉടൻ നൽകുമെന്നും അധികൃതർ അറിയിച്ചു.
രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിന് കാരണം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വോട്ടെണ്ണല്‍ ദിനത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കോവിഡ് വ്യാപനത്തിന് ഉത്തരവാദി കമ്മീഷനാണെന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു. കഴിഞ്ഞ ആഴ്ച ബംഗാളിൽ എല്ലാ റോഡ്ഷോകളും പാദയാത്രകളും വാഹന റാലികളും തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചിരുന്നു.