കോഴിക്കോട് നഗരത്തിലേക്ക് അത്യാവശ്യ കാർക്ക് മാത്രം പ്രവേശനം 

കോഴിക്കോട്​: കോവിഡ്​ അതിവ്യാപനത്തെ തുടർന്ന്​ ജില്ലയിലെ നിയന്ത്രണങ്ങൾ കർശനമാക്കി. അനാവശ്യമായി ആളുകൾ നഗത്തിൽ പ്രവേശിക്കുന്നതിനുൾപ്പെടെ പൊലീസ്​ വിലക്കേർപ്പെടുത്തി​. അവശ്യകാര്യങ്ങൾക്കല്ലാതെ നഗരത്തിലെത്തുന്നവർക്കെതിരെ കേസെടുക്കുകയും വാഹനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടികളും സ്വീകരിക്കും. ഇതിനായി നഗരത്തിലേക്കുള്ള എല്ലാ അതിർത്തികളിലും പൊലീസ്​ പിക്കറ്റുകൾ ഏർപ്പെടുത്തി​.

നിലവിലെ പട്രോളിങ്​ വാഹനങ്ങൾക്കുപുറമെ ബൈക്കുകളിലും പൊലീസ്​ റോന്ത്​ ചുറ്റി നടപടി സ്വീകരിക്കും. കോവിഡ്​ നിയന്ത്രണങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട്​ ഓരോ ദിവസവും നഗരപരിധിയിൽ മാത്രം ആയിരത്തിലേറെ പേർക്കാണ്​ പിഴ ചുമത്തുന്നത്​. മാത്രമല്ല ഓരോ സ്‌റ്റേഷന്‍ പരിധിയിൽ രണ്ടിടത്ത് ബാരിക്കേഡ്​ ഇട്ട്​ വേറെയും പരിശോധന നടത്തുന്നുണ്ട്​. കടകള്‍ക്ക് മുമ്പില്‍ നില്‍ക്കാനുള്ള ഭാഗം പ്രത്യേകം അടയാളപ്പെടുത്തിയില്ലെങ്കില്‍ കേസെടുക്കാനും ഡി.സി.പി എം. ഹേമലത പൊലീസിനോട്​ നിർദേശിച്ചിട്ടുണ്ട്​.

 

അത്യാവശ്യക്കാർക്കും​ ജോലിക്ക്​ വരുന്നവർക്കു​ മാത്രമാണ്​ കോഴിക്കോട്​ ടൗണിലേക്ക്​ പ്രവേശനം അനുവദിക്കൂ. 25 തദ്ദേശ സ്​ഥാപനങ്ങളിലെ 55 വാർഡുകൾ ക്രിട്ടിക്കൽ കണ്ടെയ്​ൻമെന്‍റ്​ സോണുകളായി ജില്ല കലക്​ടർ പ്രഖ്യാപിച്ചിട്ടുണ്ട്​. 40 തദ്ദേശ സ്​ഥാപനങ്ങളിലെ 94 വാർഡുകൾ കണ്ടെയ്​ൻമെന്‍റ്​ സോണുകളായി ഉത്തരവിറക്കുകയും ചെയ്​തു.