മലപ്പുറം ജില്ലയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണത്തില്‍ റെക്കോർഡ് വര്‍ധന പ്രതിദിന രോഗികള്‍ 4,000 പിന്നിട്ടു

4,323 പേര്‍ക്ക് കൂടി രോഗബാധ; 2,125 പേര്‍ക്ക് രോഗമുക്തി ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 31.74 ശതമാനം നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 4,161 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ 03 ഉറവിടമറിയാതെ 144 പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 41,508 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 60,304 പേര്‍

മലപ്പുറം ജില്ലയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണത്തില്‍ റെക്കോർഡ് വര്‍ധന

പ്രതിദിന രോഗികള്‍ 4,000 പിന്നിട്ടു

 

4,323 പേര്‍ക്ക് കൂടി രോഗബാധ; 2,125 പേര്‍ക്ക് രോഗമുക്തി

 

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 31.74 ശതമാനം

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 4,161 പേര്‍

ആരോഗ്യ പ്രവര്‍ത്തകര്‍ 03

ഉറവിടമറിയാതെ 144 പേര്‍ക്ക്

രോഗബാധിതരായി ചികിത്സയില്‍ 41,508 പേര്‍

ആകെ നിരീക്ഷണത്തിലുള്ളത് 60,304 പേര്‍

 

മലപ്പുറം ജില്ലയില്‍ 4,000 പിന്നിട്ട് പ്രതിദിന കോവിഡ് ബാധിതര്‍. ചൊവ്വാഴ്ച (മെയ് 04) 4,323 പേര്‍കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 31.74 ശതമാനമാണ് കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 4,161 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധ. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 144 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 12 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

 

രോഗവ്യാപനം വര്‍ധിക്കുന്നതിനൊപ്പം പരാമവധി പേരെ വിദഗ്ധ ചികിത്സ നല്‍കി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള അക്ഷീണ ശ്രമത്തിലാണ് ആരോഗ്യ പ്രവര്‍ത്തകരെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ചൊവ്വാഴ്ച ജില്ലയില്‍ 2,125 പേരാണ് ഇത്തരത്തില്‍ രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ രോഗവിമുക്തരായവരുടെ എണ്ണം 1,39,653 ആയി.

 

60,304 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 41,508 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,133 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 192 പേരും 344 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ ഡൊമിസിലിയറി കെയര്‍ സെന്ററുകളിലും വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെയായി ജില്ലയില്‍ 699 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

 

അശ്രദ്ധ വലിയ വിപത്തിന് കാരണമാകും: ജില്ലാ കലക്ടര്‍

 

കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ അതീവ ജാഗ്രത പൊതുസമൂഹത്തില്‍ നിന്നുണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. അശ്രദ്ധ വലിയ വിപത്തിന് കാരണമാകും. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ്ബാധിതര്‍ അനുദിനം വര്‍ധിക്കുന്നത് തടയാന്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ജില്ലാ കലക്ടര്‍ ഓര്‍മ്മിപ്പിച്ചു.

 

സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം രോഗ വ്യാപനം തടയുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ജില്ലയിലും നടപ്പാക്കി വരികയാണ്. ജനജീവിതത്തിന് പ്രയാസമില്ലാത്ത വിധത്തില്‍ കോവിഡ് പ്രതിരോധം സാധ്യമാക്കുകയാണ് ലക്ഷ്യം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും പൊലീസും ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ഇതര സര്‍ക്കാര്‍ വകുപ്പുകളെല്ലാം ചേര്‍ന്ന് രോഗ വ്യാപനം നടയാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ഇക്കാര്യത്തില്‍ ജനപിന്തുണ അനിവാര്യമാണെന്നും ജില്ലാ കലക്ടര്‍ ആവര്‍ത്തിച്ച് അറിയിച്ചു.

 

സ്വയരക്ഷക്ക് ആരോഗ്യ ജാഗ്രത ഉറപ്പാക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

 

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ വര്‍ധിക്കുന്നതാണ് ജില്ല നിലവില്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. പൊതു സ്ഥലങ്ങളില്‍ കൂടുതല്‍ പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ക്ക് വൈറസ് ബാധക്കുള്ള സാധ്യത കൂടുതലാണ്. കോവിഡ് രണ്ടാം തരംഗത്തില്‍ രോഗവ്യാപനം വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിലൂടെ മാത്രമെ സ്വയരക്ഷ ഉറപ്പാക്കാനാകൂ. ഇത് ഓരോരുത്തരും തിരിച്ചറിയണമെന്ന് ആവര്‍ത്തിച്ച് അറിയിച്ചിട്ടും സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്ന സ്ഥിതിയാണുള്ളത്.

 

രോഗലക്ഷണങ്ങളുള്ളവര്‍ ഒരുക്കലും അത് മറച്ചുവെക്കരുത്. ഇത്തരത്തിലുള്ള വീഴ്ച കൂടുതല്‍ പേരിലേക്ക് വൈറസ് വ്യാപിക്കാന്‍ കാരണമാകും. പൊതു സ്ഥലങ്ങളില്‍ പോകുന്നവര്‍ വൈറസ് ബാധ തടയുന്നതിനായി സാമൂഹിക അകലം പാലിക്കുകയും രണ്ട് മാസ്‌ക് ധരിക്കുന്നതുള്‍പ്പടെ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

 

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.