വൈദ്യുതി വാഹനം ചാർജ് ചെയ്യാൻ ഇനി വേറെ കണക്ഷൻ എടുക്കേണ്ടതില്ല; വീടുകളില്‍ നിന്ന് തന്നെ ചാര്‍ജ് ചെയ്യാം
സ്വന്തം വൈദ്യുതി വാഹനം ചാർജ് ചെയ്യാൻ വീട്ടിലെ കണക്ഷനിൽ നിന്നുതന്നെ വൈദ്യുതി എടുക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. ഇതിന് പ്രത്യേക കണക്ഷന്റെ ആവശ്യമില്ല. ഗാർഹിക താരിഫിൽ തന്നെയായിരിക്കും വൈദ്യുതി ചാർജ് കണക്കാക്കുകയെന്നും കെഎസ്ഇബി വ്യക്തമാക്കി.
ഓഫീസുകളിലും മറ്റും പ്രവർത്തിക്കുന്ന കാപ്റ്റീവ് ചാർജിങ് സ്റ്റേഷനുകളിലും നിലവിലുള്ള കണക്ഷനിൽ നിന്നുതന്നെ വാഹനങ്ങൾ ചാർജ് ചെയ്യാം. സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷൻ വൈദ്യുത വാഹന ചാർജിങിനായി പ്രത്യേക താരിഫ് നിർണയിച്ചു നൽകുന്നതുവരെ ഇത്തരമിടങ്ങളിൽ നിലവിലുള്ള താരിഫിൽ തന്നെ ചാർജിങിനായി വൈദ്യുതി ഉപയോഗിക്കാം.
ചാർജിങ് സംവിധാനങ്ങൾക്കായി അഡീഷണൽ ലോഡ് വേണ്ടിവന്നാൽ നിലവിലെ കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 സെക്ഷൻ90 പ്രകാരം കണക്ഷനിൽ വ്യത്യാസമോ പരിഷ്ക്കരണമോ വരുത്താവുന്നതാണ്. പൊതു ചാർജിങ് സ്റ്റേഷനുകൾക്ക് അതതു കാലത്ത് സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ചു നൽകുന്ന താരിഫിൽ (നിലവിൽ അഞ്ച് രൂപ/യൂണിറ്റ്) വൈദ്യുതി നൽകുന്നതാണെന്നും കെഎസ്ഇബി അറിയിച്ചു.