കേരളത്തിന്‌ പുറമെ സമ്പൂർണമായും അടച്ചുപൂട്ടി പതിനൊന്നിലധികം സംസ്ഥാനങ്ങൾ

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പതിനൊന്നിലധികം സംസ്ഥാനങ്ങള്‍ സമ്ബൂര്‍ണ അടച്ചിടലിലാണ്. കേരളത്തിനു പുറമേ ദില്ലി, ഹരിയാന ,ബിഹാര്‍ , യുപി, ഒഡീഷ , രാജസ്ഥാന്‍, കര്‍ണാടക, ഝാര്‍ഖണ്ഡ് , ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമേ പത്തോളം സംസ്ഥാനങ്ങളില്‍ രാത്രികാല, വാരാന്ത്യ കര്‍ഫ്യൂവും നിലനില്‍ക്കുന്നുണ്ട്.

രണ്ടാം തരംഗത്തില്‍ വലിയ പ്രതിസന്ധി നേരിട്ട ദില്ലിയില്‍ പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞത് ആശ്വാസം ആവുകയാണ്. ഓക്സിജന്‍ പ്രതിസന്ധിയിലും കുറവുണ്ട്. കൂടുതല്‍പേര്‍ക്ക് വാക്സിന്‍ നല്‍കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ നീക്കം. മഹാരാഷ്ട്രയിലും രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട് കര്‍ണാടകത്തില്‍ മെയ് 10 മുതല്‍ 24 വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ 10വരെ മാത്രമേ തുറക്കുകയുള്ളൂ, എന്നാല്‍ വാഹനങ്ങളില്‍ കടകളില്‍ പോകാന്‍ അനുവദിക്കില്ല. നടന്നുതന്നെ പോകണം എന്നാണ് വ്യവസ്ഥ. വ്യവസായ ശാലകളടക്കം സംസ്ഥാനത്ത് പരമാവധി അടച്ചിട്ട് രോഗവ്യാപനത്തെ ചെറുക്കാനാണ് ശ്രമം.

കൊവിഡ് പശ്ചാത്തലത്തില്‍ ഗോവയില്‍ ഈമാസം 9 മുതല്‍ 23 വരെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്.അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറക്കും. പലചരക്ക് കടകള്‍ രാവിലെ 7 മുതല്‍ 1 വരെ തുറന്നു പ്രവര്‍ത്തിക്കും. ഹോട്ടലുകളില്‍ പാഴ്സലുകള്‍ മാത്രമാണ് ലഭ്യമാവുക.ഗോവയില്‍ മരണ നിരക്ക് കൂടുകയാണെന്നും ജാഗ്രത പാലിക്കേണ്ട സമയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.