പൊലീസ് അടച്ച കണ്ടെയ്ൻമെന്റ് സോൺ ഗതാഗതത്തിന് തുറന്ന് വാർഡ് മെമ്പർ, കേസെടുത്തു

മലപ്പുറം: മലപ്പുറത്ത് കൊവിഡ് വ്യാപനം രൂക്ഷമായ വാഴക്കാട് പഞ്ചായത്തില്‍ പൊലീസ് അടച്ച റോഡുകള്‍ വാര്‍ഡ‍് മെമ്പറുടെ നേതൃത്വത്തില്‍ തുറന്നു. പൂര്‍ണ കണ്ടെയിന്‍റ്മെന്‍റ് സോണായ ഇവിടെ പൊലീസും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് അടച്ച റോഡുകളാണ് തുറന്ന് കൊടുത്തത്. വാഴക്കാട് പൊലീസ് കേസെടുത്തു. 

ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കും കൊവിഡ് രോഗികളും ഓരോ ദിവസവും കുതിച്ചുയരുന്ന മലപ്പുറത്ത് വ്യാപനം രൂക്ഷമായ പഞ്ചായത്തുകളെല്ലാം ഇപ്പോള്‍ പൂര്‍ണ കണ്ടെയിന്‍മെന്‍റ് സോണുകളാണ്. കര്‍ശന നിയന്ത്രണമുള്ള ഇത്തരം പഞ്ചായത്തുകളില്‍ റോഡുകള്‍ അടച്ചിടുകയാണ് ചെയ്യുന്നത്. രോഗികള്‍ക്കും മറ്റ് അത്യാവശ്യക്കാര്‍ക്കും കടന്നുപോകാനുള്ള സൗകര്യമുണ്ട്.

എന്നാല്‍ വാഴക്കാട് പഞ്ചായത്തിനെ പൂര്‍ണ കണ്ടെയിന്‍മെന്‍റ് സോണായിട്ടും റോഡുകളടക്കാന്‍ പഞ്ചായത്ത് തയ്യാറായില്ലെന്ന് പൊലീസ് ആരോപിച്ചു. പിന്നാലെ പൊലീസ് തന്നെ സന്നദ്ധ പ്രവര്‍ത്തകരുടെ കൂടി സഹായത്തോടെ റോഡുകള്‍ താല്‍ക്കാലികമായി അടച്ചു. അപ്പോള്‍ തന്നെ റോഡുകള്‍ വ്യാപകമായി അടച്ച ആരോപണവുമായി നാട്ടുകാരില്‍ ചിലര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് വാഴക്കാട് പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് മെമ്പര്‍ അഡ‍്വ. നൗഷാദിന്‍റെ നേൃത്വത്തില്‍ ഒരു റോഡ് തുറന്ന്. ഇതറിഞ്ഞ മറ്റ് പ്രദേശവാസികളും റോഡ് തുറന്നതായി പൊലീസ് ആരോപിക്കുന്നു. ഇതോടെയാണ് പൊലീസ് വാര്‍ഡ് മെമ്പര്‍ക്കെതിരെ കേസെടുത്തത്. പൊലീസിന്‍റെ നേതൃത്വത്തില്‍ തന്നെ ഇനി തുറന്ന റോഡുകള്‍ അടച്ചിടേണ്ടി വരുമെന്നും രോഗവ്യാപനം തടയാന്‍ നാട്ടുകാര്‍ സഹകരിക്കണമെന്നും പൊലീസ് അറിയിച്ചു.