പൊന്നാനിയിലെ 34 ബൂത്തില്‍ ബിജെപിയ്ക്ക് പൂജ്യം വോട്ട്; ആകെ 318 ബൂത്തുകളില്‍ ‘സംപൂജ്യര്‍’

പൊന്നാനി: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക നേട്ടം കൊയ്യുമെന്ന് പ്രതീക്ഷിച്ച ബിജെപിയ്ക്ക് കൈയ്യിലിരുന്ന ഒരു സീറ്റ് കൂടി നഷ്ടമായ കാഴ്ചയാണ് ഫലപ്രഖ്യാപനത്തിനുശേഷം കേരളം കണ്ടത്. കേരളത്തില്‍ വേരുറപ്പിക്കാന്‍ പല അടവുകളും പയറ്റിയ ബിജെപിയ്ക്ക് പക്ഷേ എല്ലാ കണക്കുകൂട്ടലുകളും പിഴച്ചു. സെലിബ്രിറ്റി സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ച സ്ഥലത്തുപോലും ബിജെപിയ്ക്ക് പച്ചപിടിക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല പല ബൂത്തുകളിലും ബിജെപി സംപൂജ്യരായി. 318 ബൂത്തുകളിലാണ് ബിജെപിയ്ക്ക് ബൂത്ത് ഏജന്റുമാരുടെ വോട്ടുപോലും ലഭിക്കാത്ത ഗതികേടുണ്ടായത്.

എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് ഒരു വോട്ട് മാത്രം ലഭിച്ച 493 ബൂത്തുകളാണ് കേരളത്തിലുള്ളത്.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോന്നിയിലും മഞ്ചേശ്വരത്തും രണ്ട് ബൂത്തുകളില്‍ ബിജെപിയ്ക്ക് വോട്ടുകളൊന്നും പോള്‍ ചെയ്യപ്പെട്ടില്ല.

കോഴിക്കോട് ജില്ലയില്‍ ഒന്‍പത് ബൂത്തുകളിലാണ് ബിജെപിയ്ക്ക് വോട്ടില്ലാത്തത്. കാസര്‍കോഡ് പത്ത് ബൂത്തുകളില്‍ ബിജെപിയ്ക്ക് ഒരുവോട്ടുപോലും കിട്ടിയില്ല. മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ 34 ബൂത്തുകളില്‍ ബിജെപി പൂജ്യത്തില്‍ ഒതുങ്ങി. പൊന്നാനിയില്‍ 16 ബൂത്തുകളില്‍ ബിജെപിയ്ക്ക് ഓരോ വോട്ടുകള്‍ വീതം മാത്രമാണ് ലഭിച്ചത്. കണ്ണൂര്‍ ജില്ലയില്‍ ഏഴിടത്തും ബിജെപിയ്ക്ക് വോട്ടില്ലാതായി.

ഒ രാജഗോപാലിലൂടെ ലഭിച്ച നേമം സീറ്റും കൈവിട്ടുപോയ ബിജെപിയ്ക്ക് ഇത്തവണ ഗണ്യമായി വോട്ടുകുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആയിരത്തിലധികം ബൂത്തുകളിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ വോട്ടുകള്‍ രണ്ട് മുതല്‍ അഞ്ച് എന്ന വിധത്തിലായത്.