ഗാസയിൽ വെടിനിർത്തലിന് ഇസ്രയേലും ഹമാസും തമ്മിൽ ധാരണ.

ജറൂസലം: ഈജിപ്​ത്​ മുൻകൈയെടുത്ത്​ കൊണ്ടുവന്ന വെടിനിർത്തൽ​ ഇസ്രായേൽ അംഗീകരിച്ചതോടെ ഗസ്സയിൽ ആഘോഷം. 11 ദിവസം നീണ്ട ബോംബുവർഷത്തിനാണ്​ ഇതോടെ തത്​കാലം അറുതിയാകുന്നത്​.

 

ഈജിപ്​ത്​ കൊണ്ടുവന്ന നിരുപാധിക വെടിനിർത്തലിന്​ ഇസ്രായേൽ സുരക്ഷാ മന്ത്രാലം അംഗീകാരം നൽകിയതായി പ്രധാനമ​ന്ത്രി ​ബിൻയമിൻ നെതന്യാഹു പറഞ്ഞു. പിന്നാലെ വെടിനിർത്തുകയാണെന്ന്​ ഹമാസും ഇസ്​ലാമിക്​ ജിഹാദും ​പ്രഖ്യാപിച്ചു. വെള്ളിയാഴ്​ച പ്രാദേശിക സമയം പുലർച്ചെ രണ്ടുമണിയോടെയാണ്​ ഇസ്ര​ായേൽ ബോംബുവർഷം അവസാനിച്ചത്​.

വിവരമറിഞ്ഞതോടെ പുലർച്ചെതന്നെ ആയിരക്കണക്കിന്​ ഫലസ്​തീനികൾ ഗസ്സയിലും മറ്റു ഫലസ്​തീനി പ്രവിശ്യകളിലും തെരുവിൽ ആഘോഷവുമായി എത്തി. ഫലസ്​തീനി പതാക വീശിയും വിജയ ചിഹ്​നം ഉയർത്തിക്കാട്ടിയുമായിരുന്നു ആഘോഷ പ്രകടനം.

ഇസ്രായേൽ ആക്രമണങ്ങളിൽ ഇതുവരെ 65 കുട്ടികൾ ഉൾപെടെ 232 പേർ കൊല്ലപ്പെട്ടതായാണ്​ കണക്ക്​. ഹമാസ്​ റോക്കറ്റാക്രമണത്തിൽ ഇസ്രായേലിൽ രണ്ടു കുട്ടികൾ ഉൾപെടെ 12 പേരും ​കൊല്ലപ്പെട്ടു