ബഹ്റൈന്‍ വഴിയുള്ള സഊദി യാത്രക്കും അറുതിയാകുന്നു കോസ്വേ വഴി വാക്സിന്‍ രണ്ട് ഡോസും എടുത്തവര്‍ക്ക് മാത്രം

കോസ്വേ അതോറിറ്റിയുടെ ഈയൊരു തീരുമാനത്തോടെ നാട്ടില്‍ നിന്ന് ബഹ്റൈനിലെത്തിയ നിരവധി പേര്‍ക്ക് കോസ്വേ വഴി സഊദിയിലേക്ക് കടക്കാനാവില്ല.

റിയാദ് : കോവിഡ് പ്രതിരോധ വാക്സിന്‍ രണ്ട് ഡോസും പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ ബഹ്റൈനില്‍ നിന്ന് കിംഗ് ഫഹദ് കോസ്വേ വഴി സഊദിയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളുവെന്ന് കോസ്വേ അതോറിറ്റി അറിയിച്ചു. രണ്ട് ഡോസും പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റുമായിട്ടാണ് തൊഴില്‍, വിസിറ്റ് , ടൂറിസം വിസകളില്‍ സഊദിയിലേക്ക് പ്രവേശിക്കേണ്ടവര്‍ കോസ്വേയില്‍ എത്തേണ്ടത്. സഊദി അംഗീകരിച്ച വാക്സിനുകളായിരിക്കണം എടുക്കേണ്ടത്. ഫൈസര്‍, ആസ്ട്രാസെനിക്ക, മോഡേര്‍ന എന്നിവയുടെ രണ്ടുഡോസ്, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സണ്‍ ഒരു ഡോസ് എന്നീ വാക്സിനുകള്‍ക്ക് മാത്രമാണ് സഊദി ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരമുള്ളത്. അല്ലാത്ത പക്ഷം രാജ്യത്തേക്ക് പ്രവേശനം നല്‍കില്ലെന്നും യാത്രക്കാരെ തിരിച്ചയക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. യാത്രക്കാര്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം 72 മണിക്കൂറിനകം എടുത്ത പി സി ആര്‍ ടെസ്റ്റും കൈവശം സൂക്ഷിക്കണം. വാക്സിന്‍ രണ്ട് ഡോസും പൂര്‍ത്തിയാക്കാത്ത ഒട്ടേറെ പേരെ കഴിഞ്ഞ ദിവസം കോസ്വേയില്‍ നിന്ന് തിരിച്ചയച്ചിരുന്നു.

കോസ്വേ അതോറിറ്റിയുടെ ഈയൊരു തീരുമാനത്തോടെ നാട്ടില്‍ നിന്ന് ബഹ്റൈനിലെത്തിയ നിരവധി പേര്‍ക്ക് കോസ്വേ വഴി സഊദിയിലേക്ക് കടക്കാനാവില്ല. അവര്‍ക്ക് മുമ്പിലുള്ള ഏക പോംവഴി ബഹ്റൈനില്‍ നിന്ന് വിമാനം വഴി സഊദിയിലേക്ക് എത്തുകയെന്നതാണ്. യാത്ര ചെലവ് വര്‍ധിക്കുന്നതോടൊപ്പം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ പാലിക്കേണ്ടിയും വരും.കോവിഡ് മുന്‍ കരുതലിന്റെ ഭാഗമായി ബഹ്റൈന്‍ രാജ്യത്തേക്ക് വരുന്നവരുടെ കാര്യത്തിലും കഴിഞ്ഞ ദിവസം നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്, ബഹ്റൈനില്‍ നിക്ഷേപ, തൊഴില്‍ വിസയുള്ളവര്‍ക്ക് മാത്രമേ അനുമതി നല്കുകയുള്ളൂവെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെ ബഹ്റൈന്‍ വഴി സഊദിയിലേക്ക് പോരാമെന്ന പ്രവാസികളുടെ സ്വപ്നങ്ങള്‍ക്കും നിറം മങ്ങി. ബഹ്റൈന്‍ നിയന്ത്രണം രണ്ട് ആഴ്ചത്തേക്കാണെന്നാണ് അറിയുന്നത് .

സഊദി അംഗീകരിച്ച വാക്സിന്‍ രണ്ട് ഡോസും പൂര്‍ത്തിയാക്കിയവര്‍ക്ക് അതിര്‍ത്തിയില്‍ കോവിഡ് പരിശോധനയോ പിന്നീട് രാജ്യത്ത് എത്തിയാല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനോ ആവശ്യമില്ല. അതേസമയം സഊദി പൗരന്മാര്‍, അവരുടെ ഭാര്യമാര്‍, മക്കള്‍, അവരോടൊപ്പമുള്ള ഗാര്‍ഹിക തൊഴിലാളികള്‍, നയതന്ത്രജ്ഞര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്ക് കോസ്വേ വഴി പ്രവേശനം അനുവദിക്കും. അവര്‍ക്ക് ഏഴു ദിവസം ഹോം ക്വാറന്റൈന്‍ പാലിക്കണം.

ട്രക്ക് ഡ്രൈവര്‍മാര്‍, അവരുടെ സഹായികള്‍ എന്നിവര്‍ക്ക് പിസിആര്‍ ടെസ്റ്റ് നല്‍കാതെ പ്രവേശിക്കാം. ക്വാറന്റൈനും ആവശ്യമില്ല.

ആരോഗ്യം, നാഷണല്‍ ഗാര്‍ഡ്, പ്രതിരോധം, വിദ്യാഭ്യാസം എന്നീ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ കോസ്വേ വഴി വന്നാല്‍ ഹോം ക്വാറന്റൈന്‍ പാലിക്കണം. 24 മണിക്കൂറിനുള്ളിലും ഏഴാമത്തെ ദിവസവും ഇവര്‍ പിസിആര്‍ ടെസ്റ്റെടുക്കണം. സ്വകാര്യ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ ഏഴു ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ പാലിക്കേണ്ടിവരും.