കുഴൽപണക്കേസിൽ ബിജെപി നേതാക്കളെ ഇന്ന് ചോദ്യം ചെയ്യും
ബിജെപിയുടെ 2 ജില്ലാ ഭാരവാഹികളോടും ആർഎസ്എസ് മേഖലാ സെക്രട്ടറിയോടും ഇന്ന് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.
തൃശൂർ: തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിൽ ചെലവഴിക്കാൻ കടത്തുന്നതിനിടെ കൊടകരയിൽ ദേശീയപാതയിൽ കവർച്ച ചെയ്യപ്പെട്ടത് 3.5 കോടി രൂപ തന്നെ. പണം കൊടുത്തുവിട്ട യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, പണം കൊണ്ടുവന്ന കോഴിക്കോട് സ്വദേശി ആർഎസ്എസ്, ബിജെപി പ്രവർത്തകൻ ധർമരാജൻ എന്നിവരെ എട്ടു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് പൊലീസിന്റെ സ്ഥിരീകരണം.
ബിജെപിയുടെ 2 ജില്ലാ ഭാരവാഹികളോടും ആർഎസ്എസ് മേഖലാ സെക്രട്ടറിയോടും ഇന്ന് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. 25 ലക്ഷം രൂപയും കാറും നഷ്ടപ്പെട്ടെന്നാണു പരാതിയെങ്കിലും ഇതുവരെ ഒരു കോടിയിലേറെ രൂപ കണ്ടെടുത്തിട്ടുണ്ട്. ആർക്കൊക്കെ നൽകാനാണു പണം കൊണ്ടുവന്നതെന്ന വിവരങ്ങളും ലഭിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പിൽ ചെലവഴിക്കാൻ ബിജെപി കേരളത്തിലെത്തിച്ച പണത്തിൽ ഒരു വിഹിതമാണിതെന്നു നേരത്തേ ആരോപണം ഉയർന്നിരുന്നു. ദേശീയ പാർട്ടി പ്രചാരണത്തിനു കൊണ്ടുവന്ന 3.5 കോടി രൂപയുടെ കുഴൽപണം കവർന്നതായി ഏപ്രിൽ 22നു ‘മനോരമ’യിൽ വാർത്ത വന്നതോടെയാണു സംഭവം പുറത്തറിയുന്നത്.
ഏപ്രിൽ 3നു പുലർച്ചെ 4.30നാണു കൊടകരയിൽ വാഹനാപകടമുണ്ടാക്കി പണം കവർന്നത്. ഡ്രൈവർ ഷംജീറാണ് പണം നഷ്ടപ്പെട്ടെന്ന പരാതി കൊടകര സ്റ്റേഷനിൽ നൽകിയത്. ഈ പണം ബിസിനസ് ആവശ്യത്തിനു സുനിൽ നായിക് നൽകിയതാണെന്ന് ധർമരാജൻ പൊലീസിനോടു പറഞ്ഞെങ്കിലും രേഖകൾ ഹാജരാക്കാനായില്ല.