വെന്റിലേറ്ററുകൾ കടത്താൻ ശ്രമിച്ചുവെന്ന വാർത്ത തെറ്റിദ്ധാരണ മൂലം എം. കെ. റഫീഖ

 തീരുർ ജില്ലാ ആശുപത്രിയിലെ മൂന്ന് ഇൻവേസീവ് വെന്റിലേറ്ററുകളും രണ്ടാഴ്ചക്കകം തന്നെ പ്രവർത്തന സജ്ജമാക്കാൻ കഴിയുമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. കെ. റഫീഖ

തിരൂർ : എം. എൽ. എ ഫണ്ടിൽ നിന്നും തിരൂർ ജില്ലാ ആശുപത്രിയിലേക്ക് ലക്ഷങ്ങൾ ചെലവഴിച്ചു വാങ്ങിയ വെന്റിലേറ്ററുകൾ ആശുപത്രി അധികൃതരുടെ ഒത്താശയോടെ സ്വകാര്യ ആശുപത്രിയിലേക്ക് കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ചുവെന്ന വാർത്ത തെറ്റിദ്ധാരണയിൽ നിന്നുള്ളതാണെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. കെ. റഫീഖ പറഞ്ഞു.

നേരത്തെ നോൺ കോവിഡ് വാർഡിൽ ഉപയോഗിച്ചിരുന്ന വെന്റിലേറ്ററുകൾ ഇപ്പോൾ നോൺ ഇൻവേസീവ് ആയിക്കൊണ്ട് കോവിഡ് വാർഡിൽ ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ്. ഓക്സിജൻ മാസ്ക് ഉപയോഗിച്ചു കൊണ്ട് പ്രവർത്തിക്കുന്നത് കൊണ്ട് കോവിഡ് രോഗികൾക്ക് ഇതു ഫലപ്രദമാവുന്നില്ല . എന്നാൽ ട്യൂബ് ഉപയോഗിച്ച് കൊണ്ട് ഇൻവേസീവ് ആയി പ്രവർത്തിപ്പിക്കാൻ കഴിഞ്ഞാൽ മാത്രമേ കോവിഡ് രോഗികൾക്ക് ആവശ്യമായ പ്രെഷറിൽ ഓക്സിജൻ കൊടുക്കാൻ കഴിയൂ. ഇതാണ് വെന്റിലേറ്ററുകൾ ഉപയിക്കാതെ ഇരിക്കുകയാണെന്ന പ്രചരണം വരാനിടയായത്.

നിലവിൽ തിരൂർ ആശുപത്രിയിൽ സി. മമ്മൂട്ടി എം. എൽ. എ യുടെ ഫണ്ടിൽ നിന്നും വാങ്ങിച്ച 3 എണ്ണം ഉൾപ്പെടെ 8 വെന്റിലേറ്ററുകളാണ് ഉള്ളത്. ഇതിൽ ആദ്യത്തെ അഞ്ചും നോൺ ഇൻവേസീവ് ആയി മാത്രമേ ഉപയോഗിക്കാൻ കഴിയൂ. എം. എൽ. എ നൽകിയ വെന്റിലേറ്റർ ഇൻവെസീവ് ആയി പ്രവർത്തിപ്പിക്കുന്നതിന് എയർ കംപ്രസർ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള ജോലിയുടെ കരാർ ഏറ്റെടുത്ത ഏജൻസി സാധനങ്ങളുടെ ദൗർലഭ്യം മൂലം ഇതു വരെയും പ്രവർത്തി പൂർത്തീകരിച്ചിട്ടില്ല. ജില്ലാ പഞ്ചായത്ത്‌ നിരന്തരം ഇടപെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂരിൽ നിന്നും സാധനങ്ങൾ എത്തിയത്. ഇതിന്റെ ഇൻസ്റ്റലേഷൻ ജോലി പൂർത്തീകരിക്കാൻ ഇനിയും 12 ദിവസം കൂടി വേണ്ടി വരും. ഇതിനിടയിലാണ് ഡി. ഡി. എം. എ ചെയർമാൻ എന്ന നിലയിൽ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം എൻ. എച്ച്.എം ജില്ലാ പ്രോഗ്രാം ഓഫീസർ വെന്റിലേറ്ററുകൾ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവർത്തിക്കുന്ന കോവിഡ് കേന്ദ്രത്തിലേക്ക് നൽകണമെന്ന് കാണിച്ച് ഹോസ്പിറ്റൽ സൂപ്രണ്ടിന് ഇമെയിൽ അയച്ചത്. ഈ കത്ത് കണ്ട ഉടൻ തന്നെ വെന്റിലേറ്റർ കൊണ്ട് പോകാൻ അനുവദിക്കില്ലെന്ന് ഹോസ്പിറ്റലിന്റെ ചുമതലയുള്ള ജില്ലാ പഞ്ചായത്തംഗം ഫൈസൽ എടശ്ശേരി പറഞ്ഞിരുന്നു. എന്നാൽ കളക്ടറുടെ ഉത്തരവ് ലംഘിച്ചാലുണ്ടാകുന്ന പ്രശ്നങ്ങൾ സൂപ്രണ്ട് അറിയിച്ചതിനെ തുടർന്ന് നിയുക്ത തിരൂർ എം. എൽ. എ കുറുക്കോളി മൊയ്‌തീൻ ഇക്കാര്യം കളക്ടറുമായി സംസാരിക്കുകയും എയർ കംപ്രസർ ഇൻസ്റ്റലേഷൻ പൂർത്തിയാക്കുന്ന അന്ന് തന്നെ വെന്റിലേറ്ററുകൾ തിരിച്ചെത്തിക്കാൻ നടപടി സ്വീകരക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ഇതേ തുടർന്ന് മാനുഷിക പരിഗണനയും അടിയന്തിര സാഹചര്യവും പരിഗണിച്ചാണ് നോൺ കോവിഡ് വാർഡിൽ അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിച്ചിരുന്ന രണ്ട് പോർട്ടബിൾ വെന്റിലേറ്ററുകൾ വിട്ടു നൽകാൻ തയ്യാറായത്. എന്നാൽ കഴിഞ്ഞ ദിവസം ഇതു കൊണ്ട് പോകാൻ വന്നവർ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് സ്റ്റോർ സുപ്രണ്ട് ഹോസ്പിറ്റൽ സൂപ്രണ്ടിനെ അറിയിച്ചു. ഇതേ തുടർന്നാണ് വെന്റിലേറ്റർ വിട്ടു നൽകാതിരുന്നത്. വെന്റിലേറ്ററുകൾ വിട്ടു നല്കാത്ത സൂപ്രണ്ടിന്റെ നടപടിക്കെതിരെ DMO വിശദീകരണം തേടിയിട്ടുണ്ട്. ഇക്കാര്യത്തിൽ കളക്ടറുടെ തീരുമാനം നടപ്പിലാക്കേണ്ടതുണ്ട്.

തീരുർ ജില്ലാ ആശുപത്രിയിലെ മൂന്ന് ഇൻവേസീവ് വെന്റിലേറ്ററുകളും രണ്ടാഴ്ചക്കകം തന്നെ പ്രവർത്തന സജ്ജമാക്കാൻ കഴിയുമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. കെ. റഫീഖ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ബാബി ലക്ഷ്മി, മെമ്പർ ഫൈസൽ എടശ്ശേരി എന്നിവർ അറിയിച്ചു.