മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നടപ്പാക്കുമെന്ന് ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍
മലപ്പുറം : ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയും രോഗം വ്യാപിക്കുന്ന പ്രദേശങ്ങള്‍ കൂടുതലാവുകയും ചെയ്ത സാഹചര്യത്തില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നടപ്പാക്കുമെന്ന് ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ സിറ്റി സ്കാനിന്നോട് പറഞ്ഞു. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള നിര്‍ദിഷ്ട മേഖലകളാണ് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി കണക്കാക്കുന്നത്. രോഗബാധിതരായവര്‍ താമസിക്കുന്ന വീട്/കെട്ടിടവും പരിസരവും ആയിരിക്കും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍. സാമ്പത്തിക പ്രവര്‍ത്തനങ്ങളെ തടയാത്ത വിധമായിരിക്കും ഇത് നടപ്പാക്കുക. നഗരസഭ/ പഞ്ചായത്ത് വാര്‍ഡുകള്‍ പൂര്‍ണമായി കണ്ടെയ്ന്‍മെന്റ് സോണായി കണക്കാക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ പറ്റും. എന്നാല്‍ രോഗവ്യാപനം തടയുന്നതിനുള്ള കര്‍ശന നടപടികളും ഇതോടൊപ്പം സ്വീകരിക്കും.ജില്ലയില്‍ ഇന്നലെ വരെ (ഒക്‌ടോബര്‍ 28) 10790 രോഗികളാണുള്ളത്. ഇതില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ള 907 പേര്‍ കോവിഡ് ആശുപത്രികളിലും 645 പേര്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും 139 പേര്‍ സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും മറ്റുള്ളവര്‍ വീടുകളിലും പ്രത്യേക നിരീക്ഷണകേന്ദ്രങ്ങളിലും ചികിത്സയിലാണ്. ജില്ലയില്‍ ആവശ്യത്തിനുള്ള ചികിത്സാ സൗകര്യങ്ങളും ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കോവിഡ് ചികിത്സാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍, സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ എന്നിവര്‍ നല്‍കുന്ന സഹായങ്ങള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.