വിപണിയില്‍ വ്യാജ ഓക്സി മീറ്ററുകള്‍ സജീവം, കൊവിഡ് രോഗികളുടെ ജീവന് പോലും ഭീഷണി

കോ വിഡ് രോഗികൾക്ക് ഭീഷണിയായി വ്യാജ ഓക്സി മീറ്ററുകള്‍ വിപണിയില്‍ സജീവം. ഓക്സിജന്‍ അളവ് കണ്ടെത്താന്‍ വിരലിന് പകരം പേനയോ പെന്‍സിലോ സിഗരറ്റോ എന്ത് വെച്ചാലും ഓക്സിജന്‍ തോത് കാണിക്കുന്നതാണ് വെല്ലുവിളിയാകുന്നത്. ശരിയല്ലാത്ത ഓക്സിജന്‍ അളവ് കാണിക്കുന്നത് ജീവന് തന്നെ ഭീഷണിയായേക്കാം.

ശരീരത്തിലെ ഓക്സിജന്‍റെ അളവ് കണ്ടെത്താനുള്ള ഉപകരണമാണ് പള്‍സ് ഓക്സി മീറ്റര്‍. ഓക്സിമീറ്റര്‍ ഓണാക്കി വിരല്‍ അതിനുള്ളില്‍ വച്ചാല്‍ ശരീരത്തിലെ ഓക്സിജന്‍റെ തോതും ഹൃദയമിടിപ്പും സ്ക്രീനില്‍ തെളിയും. കൊവിഡ് ബാധിതര്‍ക്ക് ഓക്സിജന്‍റെ അളവ് പെട്ടെന്ന് കുറയാനുള്ള സാധ്യതയുള്ളത് കൊണ്ട്, വീടുകളില്‍ കഴിയുന്ന രോഗികള്‍ ഇടക്കിടെ പരിശോധന നടത്തണമെന്നാണ് നിര്‍ദേശം.

സംസ്ഥാനത്ത് പള്‍സ് ഓക്സീമീറ്ററുകള്‍ക്ക് പരമാവധി 1500 രൂപയാണ് സര്‍ക്കാര്‍ ഇപ്പോള്‍ വില നിശ്ചയിച്ചിരിക്കുന്നത്. മാര്‍ക്കറ്റില്‍ ലഭിക്കുന്ന പള്‍സ് ഓക്സീമീറ്ററുകളുടെ ഗുണമേന്മ എത്രത്തോളമുണ്ട് എന്നാണ് അറിയേണ്ടത്. വിരലിന് പകരം എന്ത് വെച്ചാലും ഓക്സിജന്‍ തോത് കാണിക്കുന്നതാണ് വെല്ലുവിളിയാണ്. ഓക്സീമീറ്ററില്‍ പേന വച്ചപ്പോള്‍ ഓക്സിജന്‍റെ അളവ് 99 ഉം ഹൃദയമിടിപ്പ് 67 ഉം ആണ് സ്ക്രീനില്‍ തെളിഞ്ഞത്. സിഗരറ്റിന് പോലും ഹൃദയമിടിപ്പുണ്ട്. സിഗരറ്റ് വച്ചപ്പോള്‍ 82 ഹൃദയമിടിപ്പാണ് സ്ക്രീനില്‍ തെളിഞ്ഞത്. പെന്‍സിലിന് ഓക്സിജന്‍ അളവ് 97 ഉം ഹൃദയമിടിപ്പ് 63 ഉം ആണ്. വിരല്‍ വച്ചാല്‍ മാത്രം പ്രവര്‍ത്തിക്കേണ്ടിടത്താണ് പേനയ്ക്കും സിഗരറ്റിനുമെല്ലാം ഉപകരണം അളവുകള്‍ കാണിക്കുന്നത്.

വ്യാജ ഓക്സിമീറ്ററുകള്‍ തെറ്റായ അളവ് കാണിക്കുന്നത് കൊണ്ട് തന്നെ ഇവ ഉപയോഗിക്കുന്നവരുടെ ശരീരത്തില്‍ ഓക്സിജന്‍റെ അളവ് കുറഞ്ഞാലും അറിയാന്‍ കഴിയില്ല. ജീവന് തന്നെ ഭീഷണിയാവുന്ന അവസ്ഥ. ഗുണമേന്മയുള്ള ഓക്സീമീറ്റര്‍ കണ്ടെത്താന്‍ മറ്റൊരു വഴിയുണ്ട്. കൈത്തണ്ടയില്‍ ശക്തമായി അമര്‍ത്തിപ്പിടിക്കുക. വിരലുകളിലേക്കുള്ള രക്തയോട്ടം കുറയും. ഇപ്പോള്‍ ഗുണമേന്മയുള്ള ഓക്സീമീറ്റര്‍ ഘടിപ്പിച്ചാല്‍ സ്ക്രീനില്‍ അളവുകളൊന്നും കാണിക്കില്ല. കൈത്തണ്ടയില്‍ അമര്‍ത്തിപ്പിടിക്കുന്നത് വിട്ടാല്‍ നിമിഷങ്ങള്‍ക്കകം ഓക്സിജന്‍റേയും ഹൃദയമിടിപ്പിന്‍റേയും തോത് കാണിക്കുകയും ചെയ്യും.

വിപണിയില്‍ ഇപ്പോള്‍ ലഭിക്കുന്ന ഭൂരിഭാഗം ഓക്സിമീറ്ററുകള്‍ക്കും കമ്പനി പേരില്ല. വിലപോലും രേഖപ്പെടുത്താതെയാണ് വിപണിയിലെത്തുന്നത്. വിപണിയിലെത്തുന്ന ഓക്സീമീറ്ററുകളുടെ ഗുണമേന്മ ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. മെഡിക്കല്‍ ഉപകരണം ഇത്രയും നിരുത്തരവാദപരമായി വില്‍പ്പന നടത്തുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നടപടിയാണ് വേണ്ടത്.