ആരുമില്ലാത്തവരെ കാത്ത് ഇവിടെയൊരു സ്‌നേഹവീടുണ്ട്
ആരുമില്ലാത്തവരെ കാത്ത് ഇവിടെയൊരു സ്‌നേഹവീടുണ്ട്
തിരൂര്‍: ആരുമില്ലാത്തവരെ കാത്ത് തിരൂരിലൊരു വീടുണ്ട്. ആ വീട്ടില്‍ അന്തേവാസികള്‍ക്ക് താങ്ങും തണലുമായി ഖമറുന്നിസ ഡോക്ടറുമുണ്ട്. തിരൂര്‍ ഏഴൂര്‍ റോഡിലെ സ്‌നേഹവീടാണ് ആരുമില്ലാത്തവര്‍ക്ക് അത്താണിയാകുന്നത്. ഒമ്പതു വര്‍ഷം മുന്‍പ് ഖമറുന്നിസ അന്‍വര്‍ എന്ന സാമൂഹിക പ്രവര്‍ത്തക തുടങ്ങി വച്ച് സ്‌നേഹവീട്ടില്‍ ഇന്ന് 17 പേരുണ്ട് അന്തേവാസികളായി. 14 വര്‍ഷം മുന്‍പ് തന്റെ ഉമ്മയായ ഫാത്തിബി ഉമ്മയുടെ പേരില്‍ തുടങ്ങിയ ഫാത്തിബി ഇന്‍സ്റ്റ്യൂഷണല്‍, സോഷ്യല്‍ ചാരിറ്റി ട്രസ്റ്റിന്റെ പേരിലാണ് സ്‌നേഹവീട് പ്രവര്‍ത്തിക്കുന്നത്. അന്തേവാസികളുടെ ചികിത്സയും ശുശ്രൂഷയും ജീവിതചെലവുമെല്ലാം ഖമറുന്നിസ ഡോക്‌റും അന്‍വര്‍ ഡോക്ടറും ചേര്‍ന്നാണ് നടത്തുന്നത്. ഇന്നേ വരെ ഒന്നിനുമൊരു കുറവുമുണ്ടായിട്ടില്ല. സ്‌നേഹം പകര്‍ന്നു നല്‍കുന്ന ഈ സ്‌നേഹവീട്ടിലേയ്ക്ക് സന്ദര്‍ശകരായും പലരുമെത്താറുണ്ട്. വന്നു കേറുന്ന എല്ലാവര്‍ക്കും ഡോക്ടറുടെ കൈപുണ്യത്തിന്റെ രുചിയറിഞ്ഞു മാത്രമേ തിരിച്ചൂ പോകാന്‍ കഴിയൂ. മസാല ചായയും ചെമ്മീന്‍ അടയും ഉണ്ണിയപ്പവും ഉള്‍പ്പടെ തലശേരി സ്റ്റൈലിലുള്ള പലഹാരങ്ങളുമായി നാലുമണി ചായ കുടിച്ചു മടങ്ങുകയാണ് ഇവിടുത്തെ പതിവ്.
കഴിഞ്ഞ 30ലേറെ വര്‍ഷമായി തിരൂരിന്റെ സാമൂഹിക-സാംസ്‌കാരിക-വിഭ്യാഭ്യാസ മേഖലയില്‍ നിറ സാന്നിധ്യമായിരുന്നു ഖമറുന്നീസ അന്‍വര്‍. വനിതകള്‍ക്കിടയിലെ ശ്രദ്ധേയ സ്ത്രീസാന്നിധ്യം കൂടിയായിരുന്നു ഇവര്‍. 1980കളില്‍ തിരൂരിന്റെ തീരമേഖലയില്‍ നടത്തിയ സാക്ഷരത യജ്ഞ പ്രവര്‍ത്തനങ്ങള്‍ ഇന്നും തിരൂരിന് മാത്രമല്ല മലപ്പുറം ജില്ലയ്ക്കാകെ അഭിമാനമാണ്. സ്ത്രീശാക്തീകരണ രംഗത്തും മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ് ഖമറുന്നീസ അന്‍വര്‍. വിമണ്‍ എംപവര്‍മെന്റില്‍ ഡോക്ടേറ്റ് നേടുകയും ചെയ്തിട്ടുണ്ട്.