മെട്രോമാന്‍ വികസന പദ്ധതികള്‍ പൂര്‍ത്തിയാകുന്നു

തിരൂര്‍: നഗരസഭ ഭരണസാരഥ്യമേറ്റെടുക്കുമ്പോള്‍ വിഭാവനം ചെയ്ത വികസന പദ്ധതികള്‍ പൂര്‍ത്തിയാകുന്നു. മെട്രൊമാന്‍ ഡോ. ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ നടത്തിയ ജനകീയ വികസന സെമിനാറില്‍ ഉരുത്തിരിഞ്ഞു വന്ന നിര്‍ദേശങ്ങളാണ് നഗരസഭ പൂര്‍ത്തിയാക്കാനൊരുങ്ങുന്നത്. ഇതില്‍ പല പദ്ധതികളും പൂര്‍ത്തിയായി കഴിഞ്ഞു. ശേഷിക്കുന്നവ ഉടന്‍ പൂര്‍ത്തിയാകുമെന്ന് നഗരസഭ ചെയര്‍മാന്‍ കല്ലിങ്ങല്‍ ബാവ പറഞ്ഞു.
ഗ്യാസ് ക്രിമിറ്റോറിയം, പകല്‍വീട്, ബഡ്‌സ് സ്‌കൂള്‍, തിരൂര്‍ കോറിഡോര്‍ വികസനം, ശുചിത്വമാലിന്യ സംസ്‌കരണത്തിന് ആര്‍ആര്‍എഫ്, തുമ്പൂര്‍മുഴി മോഡല്‍ എയറോബിക് കമ്പോസ്റ്റിങ് യൂണിറ്റ്, ബസ് സ്റ്റാന്റില്‍ എഫഌവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പുതിയ അങ്കണവാടികളുടെ നിര്‍മാണം, കുളങ്ങളുടെയും തോടുകളുടെയും സംരക്ഷണം, കുടിവെള്ള പൈപ്പ് ലൈനുകള്‍ദീര്‍ഘിപ്പിക്കുന്നതിനുള്ള പദ്ധതികള്‍, 17 സ്‌കൂളുകളില്‍ മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍, ലൈഫ് പദ്ധതിയില്‍ ഭവന നിര്‍മാണം പൂര്‍ത്തിയാക്കിയ പദ്ധതി.
ഇന്ത്യയില്‍ ആദ്യമായി സ്‌കൂളുകളില്‍ സയന്‍സ് ഗ്യാലറി പദ്ധതി ആദ്യമായി തുടങ്ങിയതും തിരൂര്‍ നഗരസഭയിലാണ്. നഗരസഭയുടെ കീഴിലുള്ള ആറ് സ്‌കൂളുകളുടെയും അറ്റകുറ്റപ്പണികള്‍, പുതിയ ക്ലാസുകള്‍, അടുക്കള, ഡൈനിങ് ഹാള്‍ എന്നീ നിര്‍മാണങ്ങളും പൂര്‍ത്തിയാക്കി.
തിരൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി ലാബുകള്‍, നീന്തല്‍കുളം സംരക്ഷണം, സ്‌പോര്‍ട്‌സ് ഗ്യാലറിഎന്നിവ നിര്‍മിച്ചു.
കൂടാതെ ആറ് സ്‌കൂളുകളില്‍ ഐടി ലാബ്, ജിഎംയുപിയില്‍ ഹെരിറ്റേജ് മ്യൂസിയം, മാര്‍ക്കറ്റ് റോഡ് നവീകരണം, മാര്‍ക്കറ്റിലെ മലിനജല ശുചീകരണ സംവിധാനത്തിന്റെ നവീകരണം, ക്ഷീരകര്‍ഷകര്‍ക്കുള്ള ധനസഹായം, കാര്‍ഷിക മേഖലയിലെ വികസനം, ചെറുകിട വ്യവസായ സംരഭകര്‍ക്കായി സംരഭ ക്ലബ് എന്നിവയും നഗരസഭയുടെ വികസന നേട്ടങ്ങളില്‍ ശ്രദ്ധേയമായതാണ്.