ഇസ്രായേല്‍ വീണ്ടും യുദ്ധം തുടങ്ങി; ശക്തമായ മിസൈല്‍ ആക്രമണം, സിറിയയില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടു

സൈനിക ആസ്ഥാനത്തിന് നേരെ ആക്രമണം സിറിയന്‍ സൈനികരും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സായുധ സംഘങ്ങളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ വീണ്ടും അശാന്തി പരത്തി ഇസ്രായേല്‍. ഗാസയുമായുള്ള യുദ്ധം അവസാനിപ്പിച്ചതിന് പിന്നാലെ ഇസ്രായേല്‍ സൈന്യം സിറിയയില്‍ ആക്രമണം തുടങ്ങി. ഈജിപ്തിന്റെ മധ്യസ്ഥ ശ്രമങ്ങളാണ് ഹമാസ്-ഇസ്രായേല്‍ യുദ്ധം അവസാനിപ്പിച്ചത്. എന്നാല്‍ ദിവസങ്ങള്‍ പിന്നിടുമ്ബോള്‍ സിറിയയില്‍ വ്യാപകമായി മിസൈല്‍ വര്‍ഷിക്കുകയാണ് ഇസ്രായേല്‍. തലസ്ഥാനമായ ഡമസ്‌കസിലും തുരുതുരാ ബോംബുകള്‍ വീണു. സിറിയന്‍ വ്യോമ സേനയുടെ ആസ്ഥാനമാണ് ഇസ്രായേല്‍ ലക്ഷ്യമിട്ടത്. ശക്തമായ തിരിച്ചടി നല്‍കുമെന്ന് സിറിയ പ്രഖ്യാപിച്ചു കഴിഞ്ഞു. മേഖല വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുകയാണ്. വിശദ വിവരങ്ങള്‍ ഇങ്ങനെ.

സൈനിക ആസ്ഥാനത്തിന് നേരെ ആക്രമണം സിറിയന്‍ സൈനികരും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സായുധ സംഘങ്ങളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. വ്യോമസേനയുടെ ആസ്ഥാനങ്ങളാണ് ഇസ്രായേല്‍ ലക്ഷ്യമിട്ടതെന്ന് ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യുദ്ധ നിരീക്ഷകരായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നാലിടങ്ങളില്‍ മിസൈല്‍ കുതിച്ചെത്തി.

ഹുംസ് പ്രവിശ്യയിലെ സിറിയന്‍ സൈനിക താവളത്തിന് നേരെ നിരവധി മിസൈലുകള്‍ പതിച്ചു. കൂടാതെ ഹമ, ലതാക്കിയ, ഡമസ്‌കസ് എന്നീ പ്രവിശ്യകളിലും ആക്രമണമുണ്ടായി. ലബനീസ് ഷിയാ സായുധ വിഭാഗമായ ഹിസ്ബുല്ലയുടെ സിറിയയിലെ ആയുധ പുരകളും ഇസ്രായേല്‍ ആക്രമിച്ചു.

ചൊവ്വാഴ്ച മുതലാണ് ഇസ്രായേല്‍ സൈന്യം ആക്രമണം തുടങ്ങിയത്. ലബ്‌നാനിലെ വ്യോമ അതിര്‍ത്തിയില്‍ കടന്നാണ് ഇസ്രായേല്‍ സിറിയയെ ആക്രമിച്ചതത്രെ. ഡമസ്‌കസില്‍ വന്‍ സ്‌ഫോടന ശബ്ദം കേട്ടുവെന്ന് സന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധിക്കാന്‍ നടപടി തുടങ്ങിയെന്ന് സിറിയ അറിയിച്ചു.

ആര്‍ക്കും പരിക്കേല്‍ക്കുകയോ മരണം സംഭവിക്കുകയോ ചെയ്തിട്ടില്ല എന്നാണ് സിറിയന്‍ അധികൃതര്‍ അവകാശപ്പെടുന്നത്. അതേസമയം, സിറിയയില്‍ ആക്രമണം നടത്തിയെന്ന വാര്‍ത്ത ഇസ്രായേല്‍ സ്ഥിരീകരിച്ചിട്ടില്ല. വിദേശ മാധ്യമ റിപ്പോര്‍ട്ടുകളില്‍ പ്രതികരിക്കാനില്ല എന്നാണ് ചില ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയത് ഡമസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്ത് സ്‌ഫോടനമുണ്ടായത് ഭരണകൂടത്തെ അമ്ബരപ്പിച്ചിട്ടുണ്ട്. സിറിയയിലെ ഏത് ഭാഗവും ആക്രമിക്കാന്‍ സാധിക്കുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കുകയാണ് ഇതിലൂടെ. അതേസമയം, സിറിയയില്‍ നടത്തിയ ആക്രമണം മേഖലയില്‍ യുദ്ധ വ്യാപനത്തിന് സാധ്യതയുണ്ട് എന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഷിയാക്കളില്‍പ്പെട്ട അലവി വിഭാഗമാണ് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്. ഇദ്ദേഹത്തിനെതിരായ ഏത് ആക്രമണവും ചെറുക്കാന്‍ മറ്റ് ഷിയാ സംഘങ്ങള്‍ രംഗത്ത് വരാന്‍ സാധ്യത ഏറെയാണ്. ലബ്‌നാനിലെ ഹിസ്ബുല്ലയും ഇറാന്‍ സൈന്യവുമെല്ലാം പിന്തുണയ്ക്കുന്നതും സിറിയന്‍ ഭരണകൂടത്തെയാണ്. അതുകൊണ്ടുതന്നെ ഗാസയിലെ ഹമാസുമായുണ്ടായ ഏറ്റുമുട്ടല്‍ പോലെയാകില്ല സിറിയയുമായുള്ള ഇസ്രായേലിന്റെ യുദ്ധം. ഇസ്രായേലിനെതിരെ ഹിസ്ബുല്ലയും അവരെ സഹായിക്കാന്‍ ഇറാനുമെത്തിയാല്‍ യുദ്ധം വ്യാപിക്കും. ആ സാധ്യത തള്ളിക്കളയാനാകില്ല. 2011ല്‍ തുടങ്ങിയ സിറിയന്‍ ആഭ്യന്തര യുദ്ധം രക്തരൂഷിതമായിരുന്നു. എന്നിട്ടും പ്രസിഡന്റിനെ താഴെയിറക്കാന്‍ സാധിക്കാതെ പോയത് ഷിയാ വിഭാഗങ്ങളുടെ പിന്തുണ കൊണ്ടായിരുന്നു.