കുന്നുംപുറം ഫയർസ്റ്റേഷൻ പ്രവൃത്തി ഉടൻ ആരംഭിക്കണം: പി.കെ.കുഞ്ഞാലിക്കുട്ടി
വേങ്ങര നിയോജക മണ്ഡലത്തിലെ കുന്നും പുറത്തെ നിർദ്ദിഷ്ട ഫയർസ്റ്റേഷൻ്റെ പ്രവൃത്തി അടിയന്തിരമായി ആരംഭിക്കണമെന്നാവശ്യപ്പെട്ട് പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ മുഖ്യമന്ത്രിക്ക് നിവേദനം നൽകി
ജില്ലയിലെ പ്രമുഖ കേന്ദ്രങ്ങളായ
വേങ്ങര, കോട്ടക്കൽ, തിരൂരങ്ങാടി, യൂണിവേഴ്സിറ്റി, കാലിക്കറ്റ് എയർപോർട്ട്, കൊണ്ടോട്ടി എന്നീ പ്രദേശങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്ന നിർദ്ദിഷ്ട ഫയർസ്റ്റേഷൻ നിർമിക്കുന്നതിനാവശ്യമായ 25 സെൻറ് സ്ഥലം എ.ആർ നഗർ ഗ്രാമപഞ്ചായത്തിൻ്റെ കൈവശമുള്ള പി.എച്ച്.സി കോമ്പൗണ്ടിൽ അനുവദിച്ച് 2016 ഫെബ്രുവരി മാസം UDF ഭരണകാലത്ത് ഉത്തരവായതാണ്.
കെട്ടിടം നിർമിക്കുന്നതിന് 2 കോടി 95 ലക്ഷം രൂപയും ആവശ്യമായ 40 ലധികം തസ്തികകൾ സൃഷ്ടിച്ചും UDF ഭരണകാലത്തു തന്നെ ഉത്തരവുകളിറങ്ങിയിട്ടുണ്ട്.
വേങ്ങര, കോട്ടക്കൽ, തിരൂരങ്ങാടി, യൂണിവേഴ്സിറ്റി, കാലിക്കറ്റ് എയർപോർട്ട്, കൊണ്ടോട്ടി തുടങ്ങിയ പ്രദേശങ്ങളിൽ അത്യാഹിതങ്ങളുണ്ടായാൽ മലപ്പുറം, താനൂർ, തിരൂർ എന്നീ ഫയർസ്റ്റേഷനുകളെയാണ് നിലവിൽ ആശ്രയിക്കേണ്ടി വരുന്നത്. ഇത് പ്രസ്തുത പ്രദേശങ്ങളിൽ ഫയർ ഫോഴ്സിൻ്റെ സേവനത്തിന് കാലതാമസമുണ്ടാക്കുന്നു. കുന്നും പുറത്തെ ഫയർസ്റ്റേഷൻ യാഥാർത്ഥ്യമാവുന്നതോടെ ഈ പ്രതിസന്ധിക്ക് പൂർണ്ണമായും പരിഹാരമാകും.സാങ്കേതിക തടസ്സങ്ങൾ നീക്കി യുദ്ധകാലാടിസ്ഥാനത്തിൽ പ്രവൃത്തി ആരംഭിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുന്നതിന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ അറിയിച്ചു.