ഇനി ഡ്രൈവിങ് ടെസ്റ്റ് ഇല്ലാതെ ലൈസൻസ്; വരുന്നു, അക്രഡിറ്റഡ് ട്രെയിനിങ് സെന്റർ

ന്യൂഡൽഹി: അക്രഡിറ്റഡ് സെന്ററുകളിൽ നിന്ന് പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഇനി അവിടെനിന്നുതന്നെ ലൈസൻസ് ലഭിക്കും. റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് (ആർ.ടി.ഒ.) നടത്തുന്ന ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കേണ്ടതില്ല.

‘അക്രഡിറ്റഡ് ഡ്രൈവേഴ്‌സ് ട്രെയിനിങ് സെന്ററു’കളിൽനിന്ന് പരിശീലനം കഴിഞ്ഞവരെയാണ് ആർ.ടി.ഒ.യുടെ ഡ്രൈവിങ് ടെസ്റ്റിൽ നിന്ന് ഒഴിവാക്കുക.

ജൂലായ് ഒന്നിന് ഇത്തരം സെന്ററുകൾക്ക് ബാധകമാകുന്ന ചട്ടങ്ങൾ നിലവിൽ വരുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം പറഞ്ഞു.

ഉയർന്ന നിലവാരത്തിൽ പരിശീലനം നൽകാനുള്ള സംവിധാനങ്ങൾ ഇത്തരം സെന്ററുകളിൽ ഉണ്ടായിരിക്കണമെന്ന് ചട്ടത്തിൽ പറയുന്നു. ഡ്രൈവിങ് സിമുലേറ്ററുകൾ (വിവിധ പ്രതലങ്ങളിലൂടെ വാഹനം ഓടിക്കുന്ന അനുഭവം കൃത്രിമമായി ലഭിക്കുന്ന സംവിധാനം), ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് എന്നിവ ഉണ്ടായിരിക്കണം.

 

2019-ലെ മോട്ടോർ വാഹന ഭേദഗതി നിയമത്തിലെ എട്ടാം വകുപ്പാണ് അക്രഡിറ്റഡ് ഡ്രൈവേഴ്‌സ് ട്രെയിനിങ് സെന്ററുകൾ സംബന്ധിച്ച ചട്ടമിറക്കാൻ കേന്ദ്രത്തിന് അധികാരം നൽകുന്നത്. എന്നാൽ, ഇത്തരം സെന്ററുകൾ പൂർണമായും സർക്കാരിന് കീഴിലാകുമോ അതോ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകുമോ എന്നതു സംബന്ധിച്ചൊന്നും വ്യക്തത ആയിട്ടില്ല