നാടുകടത്താൻ അഫ്ഗാൻ ഐസിസിൽ ചേർന്ന 4 മലയാളി യുവതികളെ ഇന്ത്യ സ്വീകരിക്കില്ല
യുവതികൾ തീവ്ര നിലപാടുള്ളവരാണെന്ന് മനസിലായെന്നും ഇവരെ അവിടെ തന്നെ വിചാരണ ചെയ്യാൻ അനുവദിക്കണമെന്ന് അഫ്ഗാൻ അധികൃതരോട് അഭ്യർത്ഥിക്കുമെന്നുമാണ് സൂചന.
ന്യൂഡൽഹി: ഭർത്താക്കന്മാർക്കൊപ്പം ഭീകരഗ്രൂപ്പായ ഐസിസിൽ (ഇസ്ലാമിക് സ്റ്റേറ്റ്) ചേർന്ന നാല് മലയാളി യുവതികളെ നാടുകടത്താൻ അഫ്ഗാനിസ്ഥാൻ സന്നദ്ധത അറിയിച്ചെങ്കിലും ഇന്ത്യ അവരെ സ്വീകരിക്കില്ലെന്ന് റിപ്പോർട്ട്.
ഇവരുടെ ഭർത്താക്കന്മാർ അഫ്ഗാനിലെ നാങ്കർഹാർ പ്രവിശ്യയിൽ അമേരിക്കൻ സൈന്യത്തിന്റെ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടു. കാബൂളിൽ ജയിലിൽ കഴിയുന്ന സോണിയ സെബാസ്റ്റ്യൻ, മെറിൻ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നീ യുവതികളാണ് ത്രിശങ്കുവിലായത്.
2016-18 കാലയളവിലാണ് ഇവർ ഐസിസിൽ ചേർന്നത്. ഭർത്താക്കന്മാർ കൊല്ലപ്പെട്ടതിനെത്തുടർന്ന് 2019 ഡിസംബറിൽ ഇവർ അഫ്ഗാൻ പൊലീസിന് കീഴടങ്ങുകയായിരുന്നു. അന്നുമുതൽ ജയിലിലാണ്. ഇവരെ പോലെ കീഴടങ്ങിയ, 13 രാജ്യങ്ങളിലെ 408 ഐസിസ് അംഗങ്ങൾ അഫ്ഗാൻ ജയിലുകളിലുണ്ട്. ഇവരെയെല്ലാം തിരിച്ചയയ്‌ക്കാനാണ് നടപടി തുടങ്ങിയത്.
എന്നാൽ,ഇവരെ തിരികെ കൊണ്ടുവരുന്നതിൽ ഇന്ത്യൻ ഏജൻസികൾക്കിടയിൽ ഭിന്നതയുണ്ടെന്നും കേന്ദ്രം അനുവാദം നൽകാനിടയില്ലെന്നുമാണ് സൂചന. യുവതികളുമായി ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർ അഭിമുഖം നടത്തിയിരുന്നു. ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് മുന്നോടിയായിട്ടായിരുന്നു ഇത്. എന്നാൽ അഭിമുഖത്തിൽ യുവതികൾ തീവ്ര നിലപാടുള്ളവരാണെന്ന് മനസിലായെന്നും ഇവരെ അവിടെ തന്നെ വിചാരണ ചെയ്യാൻ അനുവദിക്കണമെന്ന് അഫ്ഗാൻ അധികൃതരോട് അഭ്യർത്ഥിക്കുമെന്നുമാണ് സൂചന. ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരം ഇന്റർപോൾ നേരത്തേ ഇവർക്കെതിരേ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
നാല് പേരുടെ യാത്ര
കാസർകോട് സ്വദേശിയായ സോണിയ സെബാസ്റ്റ്യൻ ഭർത്താവ് അബ്ദുൽ റഷീദ് അബ്ദുല്ലയ്‌ക്കൊപ്പം 2016 മേയ് 31ന് മുംബയ് വിമാനത്താവളം വഴിയാണ് ഇന്ത്യ വിട്ടത്.
മെറിൻ ജേക്കബ് പാലക്കാട് സ്വദേശിയായ ബെസ്റ്റിൻ ജേക്കബിനെ (യഹിയ) വിവാഹം ചെയ്താണ് രാജ്യം വിട്ടത്.
ബെസ്റ്റിന്റെ സഹോദരൻ ബെക്സണെ വിവാഹം ചെയ്താണ് തിരുവനന്തപുരം സ്വദേശി നിമിഷ രാജ്യം വിട്ടത്.
കാസർകോട് സ്വദേശിയായ ഡോ. ഇജാസ് കല്ലുകെട്ടിയയ്‌ക്കൊപ്പമാണ് റഫീല രാജ്യംവിട്ട് ഐസിസിൽ ചേർന്നത്.
നിമിഷയുടെ ജീവൻ അപകടത്തിലെന്ന് അമ്മ
തിരുവനന്തപുരം: അഫ്ഗാൻ ജയിലിൽ കഴിയുന്ന നാല് മലയാളി യുവതികളെ തിരികെ കൊണ്ടുവരേണ്ടെന്ന കേന്ദ്രസർക്കാർ നിലപാട് ഞെട്ടിപ്പിക്കുന്നതാണെന്ന് കൂട്ടത്തിലുള്ള നിമിഷയുടെ അമ്മ ബിന്ദു.
അഫ്ഗാനിസ്ഥാൻ സർക്കാർ പെൺകുട്ടികളെ കൊണ്ടുപോകാൻ അനുവാദം നൽകിയിട്ടും ഇന്ത്യൻ സർക്കാർ അനങ്ങുന്നില്ല. അമേരിക്കൻ സേന ഉടനെ അഫ്ഗാനിസ്ഥാൻ വിടുമെന്നതിനാൽ മകളുടെ ജീവൻ അപകടത്തിലാണ്. യുവതികളോടൊപ്പം ജയിലിൽ കഴിയുന്ന അവരുടെ ചെറിയ കുട്ടികൾ എന്തു പാപം ചെയ്തെന്നും അവരെ രാജ്യത്തേക്കുവരാൻ അനുവദിക്കാത്തത് എന്തു കൊണ്ടാണെന്നും ബിന്ദു ചോദിച്ചു.
യുവതികളെ തിരികെ കൊണ്ടുവരില്ലെന്ന ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. വാർത്ത കേട്ടതിന്റെ ഞെട്ടലിലാണ്. മനുഷ്യാവകാശ ലംഘനമാണ്. മകൾ തെറ്റു ചെയ്തെങ്കിൽ തിരിച്ചുകൊണ്ടു വന്നു നിയമ നടപടി എടുക്കണം. അഫ്ഗാൻ സർക്കാർ അവരെ തിരിച്ചയയ്ക്കാൻ തയ്യാറാണ്. പിന്നെ ഇന്ത്യൻ സർക്കാരിനു എന്താണ് പ്രശ്നം?
സംസ്ഥാന സർക്കാരുമായും ജനപ്രതിനിധികളുമായും ബന്ധപ്പെട്ടശേഷം നിയമനടപടികൾ ആലോചിക്കും. ഒന്നരവർഷമായി മകൾ ജയിലിലായിട്ട്.
ഇന്ത്യൻ ഏജൻസികൾക്കു മെയിൽ അയച്ചെങ്കിലും മറുപടി തന്നില്ല. അഫ്ഗാനിസ്ഥാനലേക്ക് മെയിൽ അയച്ചപ്പോൾ അവർ മറുപടി തരാനെങ്കിലും തയാറായി. നിമിഷ മടങ്ങിവരാൻ തയാറല്ലെന്നു ഓഫീസർമാർ പറയുന്നതിനെ മുഖവിലയ്ക്കെടുക്കുന്നില്ല. ഇന്ത്യൻ സർക്കാർ നിമിഷയെ വിചാരണ ചെയ്യുന്നതിനു താൻ അനുകൂലമാണെന്നും ബിന്ദു പറഞ്ഞു.