രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ കുറയുന്നു; ആശങ്കയാകുന്നത് ഉയരുന്ന മരണസംഖ്യ
കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ന്യൂഡൽഹി: രാജ്യത്ത് ആശ്വാസമേകി കോവിഡ് കേസുകൾ കുത്തനെ കുറയുന്നു. ഏപ്രിൽ ഒന്നിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 72 ദിവസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്.
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 2,95,10,410 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,81,62,947 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 9,73,158 സജീവ കേസുകളാണുള്ളത്. രോഗപരിശോധനകളും വിട്ടുവീഴ്ചയില്ലാതെ തുടരുന്നുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസര്‍ച്ച് കണക്കുകൾ പ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 14,92,152 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 37,96,24,626 സാമ്പിളുകളും പരിശോധിച്ചിട്ടുണ്ട്.
കോവിഡ് കേസുകൾ ഗണ്യമായി കുറയുന്നുണ്ടെങ്കിലും മരണസംഖ്യ വർധിച്ചു വരുന്നതാണ് രാജ്യത്ത് ആശങ്ക ഉയർത്തുന്നത്. കഴിഞ്ഞ ഒറ്റദിവസത്തിനിടെ 3,921 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ് മരണങ്ങളുടെ എണ്ണം 3,74,305 ആയി ഉയർന്നു.
രണ്ടാഴ്ച തുടർച്ചയായി കുറഞ്ഞ് നിന്ന കോവിഡ് മരണക്കണക്ക് ഇക്കഴിഞ്ഞയാഴ്ച കുത്തനെ കൂടിയിരുന്നു. മരണക്കണക്കിൽ 19% വർധനവാണ് കഴിഞ്ഞു പോയ ആഴ്ച മാത്രം രേഖപ്പെടുത്തിയത്. ബീഹാറില്‍ മരണക്കണക്ക് പുതുക്കിയതാണ് ഈയാഴ്ച മരണക്കണക്കിൽ ഇത്രയും വർധനവുണ്ടാകാൻ ഇടയാക്കിയത്. കഴിഞ്ഞ മൂന്നാഴ്ച രേഖപ്പെടുത്തിയ ആകെ മരണസംഖ്യയിൽ പകുതിയിൽ കൂടുതലും അവസാന ഏഴ് ദിവസങ്ങളിൽ സ്ഥിരീകരിച്ചതാണെന്നാണ് റിപ്പോർട്ടുകൾ.