ഉത്തരവിറങ്ങിയിട്ടും സ്‌റ്റൈപ്പന്റില്ല: മന്ത്രിക്ക് ഈമെയിൽ പരാതികളയച്ച് കലാമണ്ഡലം വിദ്യാർത്ഥികൾ
കലാമണ്ഡലം അധികൃതർ ഭീമമായ തുക മെസ്സ് ഫീസായി അടക്കുവാൻ ആവശ്യപ്പെടുകയാണ്. മെസ്സ് ഫീസ് അടക്കാതെ സർട്ടിഫിക്കറ്റ് നൽകില്ല എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നുമുണ്ടെന്ന് വിദ്യാർത്ഥികൾ പരാതിയിൽ പറയുന്നു.
തൃശൂർ: വിദ്യാർത്ഥികൾക്ക് വരുമാനപരിധി നോക്കാതെ സ്‌റ്റൈപ്പന്റ് നൽകാനുള്ള 2016 ലെ ഉത്തരവ് ഇനിയും നടപ്പാക്കിയില്ലെന്ന ആരോപണവുമായി കേരള കലാമണ്ഡലത്തിനെതിരെ സാംസ്‌കാരിക മന്ത്രി സജി ചെറിയാന് ഈമെയിലിൽ പരാതികളയച്ച് വിദ്യാർത്ഥികൾ. 2015 ൽ അന്നത്തെ സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ് വാക്കാൽ പറഞ്ഞിരുന്നത് 2016ൽ എൽ. ഡി.എഫ് അധികാരത്തിലെത്തിയപ്പോൾ കലാമണ്ഡലം സന്ദർശനത്തിനത്തിയ മന്ത്രി എ.കെ. ബാലന് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം സ്റ്റെപ്പന്റ് അനുവദിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം അധികാരികൾ വിദ്യാർത്ഥികളോട് മെസ്സ് ഫീസ് അടയ്ക്കുവാൻ ആവശ്യപ്പെട്ടിരുന്നില്ല. മന്ത്രിയുടെ പ്രഖ്യാപനം സംബന്ധിച്ച കാര്യങ്ങൾ 2016ൽ കലാമണ്ഡലം സർവകലാശാല രജിസ്ട്രാറെ വിദ്യാർത്ഥികൾ രേഖാമൂലം അറിയിച്ചിരുന്നു. അന്ന് സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്ന കെ.രാധാകൃഷ്ണനേയും അക്കാര്യം അറിയിച്ചു. മന്ത്രിയുടെ ഉത്തരവ് വരും. ആരും മെസ്സ് ഫീസ് അടക്കേണ്ടതില്ലെന്ന് അന്നത്തെ രജിസ്ട്രാർ കെ.കെ.സുന്ദരേശൻ നിർദ്ദേശിക്കുകയും ചെയ്തു.
കലാമണ്ഡലത്തിലെ ജനറൽ സീറ്റിൽ സ്‌റ്റൈപ്പന്റ് ലഭിക്കുന്ന 350 സീറ്റ് 450 ആയി വർദ്ധിപ്പിക്കുകയും സ്റ്റെപ്പന്റ് ലഭിക്കാത്ത 92 വിദ്യാർത്ഥികൾക്കു കൂടി അതനുവദിച്ച് നൽകിയും സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് 2016 ൽ സ.ഉ (കൈ) നം.12/2016 ആയി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സ്റ്റൈപ്പന്റിനുള്ള തുക കലാമണ്ഡലം കൽപ്പിത സർവകലാശാലയുടെ തനത് ഫണ്ടിൽ നിന്നും ഉപയോഗിക്കാൻ അനുവദിക്കുന്നതായും ഉത്തരവിൽ പറയുന്നുണ്ട്.
എന്നാൽ ഉത്തരവ് ലഭിച്ചില്ലെന്നാണ് കേരള കലാമണ്ഡലം അധികൃതർ ഇപ്പോഴും പറയുന്നതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. ഉത്തരവ് ലഭിച്ചില്ലെന്ന കാരണം പറഞ്ഞ് കലാമണ്ഡലം അധികൃതർ ഭീമമായ തുക മെസ്സ് ഫീസായി അടക്കുവാൻ ആവശ്യപ്പെടുകയാണ്. മെസ്സ് ഫീസ് അടക്കാതെ സർട്ടിഫിക്കറ്റ് നൽകില്ല എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നുമുണ്ടെന്ന് വിദ്യാർത്ഥികൾ പരാതിയിൽ പറയുന്നു.
സാംസ്‌കാരിക വകുപ്പ് പുറത്തിറക്കുന്ന എല്ലാ ഉത്തരവുകളും സർവകലാശാല നടപ്പാക്കാറുണ്ട്. ഈ ഉത്തരവും നടപ്പാക്കിയിട്ടുണ്ട്. വരുമാന പരിധി മാനദണ്ഡമാക്കിയാണ് സ്റ്റൈപ്പന്റ് നൽകുന്നത്. നിശ്ചിത വരുമാന പരിധിയ്ക്ക് താഴെ വരുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് മാത്രമേ സ്റ്റൈപ്പന്റ് ലഭിക്കൂ. എല്ലാ വിദ്യാർത്ഥികൾക്കും അത് ലഭ്യമായിക്കൊള്ളണമെന്നില്ല.