ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണം’; ആവശ്യവുമായി മുസ്ലീം സാമുദായിക സംഘടനകൾ

സമസ്ത കോഡിനേഷൻ കമ്മിറ്റി ഈ ആവശ്യം ഉന്നയിച്ചു മലപ്പുറം സിവിൽ സ്റ്റേഷന് മുൻപിൽ പ്രതിഷേധവും സംഘടിപ്പിച്ചു

മലപ്പുറം: ആരാധനാലയങ്ങള്‍ നിയന്ത്രണ വിധേയമായി തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി മുസ്ലീം സാമുദായിക സംഘടനകൾ രംഗത്ത്. പ്രാദേശിക തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ടിപിആര്‍ അനുസരിച്ച് ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ പോസിറ്റിവിറ്റി കുറവുള്ള സ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങളും ആവശ്യപ്പെട്ടു.

 

വിശ്വാസികളുടെ ആവശ്യം പരിഗണിച്ച് സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ ആവശ്യപ്പെട്ടു. സമസ്ത കോഡിനേഷൻ കമ്മിറ്റി ഈ ആവശ്യം ഉന്നയിച്ചു മലപ്പുറം സിവിൽ സ്റ്റേഷന് മുൻപിൽ പ്രതിഷേധവും സംഘടിപ്പിച്ചു. പ്രതിഷേധം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുൽ സമദ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു.

സുന്നി മഹല്ല് ഫെഡറേഷൻ്റെ പ്രസ്താവന ഇങ്ങനെ

“ലോക്ഡൗണ്‍ ഇളവുകളുടെ കൂട്ടത്തില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കാതിരുന്നത് പ്രതിഷേധാര്‍ഹമാണ്. വെള്ളിയാഴ്ചകളില്‍ എല്ലാറ്റിനും പ്രത്യേക ഇളവ് നല്‍കുമ്പോഴും ആരാധനാലയങ്ങള്‍ക്ക് ബാധമാകാതിരിക്കുന്നത് നീതീകരിക്കാനാവില്ല. വിശ്വാസികളുടെ ആവശ്യം പരിഗണിച്ച് സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണം “.

 

രോഗ വ്യാപന തോത്, പള്ളികളുടെ വിസ്തൃതി എന്നിവ പരിഗണിച്ച് നിയന്ത്രണങ്ങള്‍ പാലിച്ച് ജുമുഅയും സംഘടിത നമസ്‌കാരങ്ങളും നടത്താന്‍ അനുമതി നല്‍കണമെന്ന് സമുദായിക നേതാക്കൾ ആവശ്യപ്പെട്ടു. പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായ ഓണ്‍ലൈന്‍ യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി യു മുഹമ്മദ് ശാഫി ഹാജി, വര്‍ക്കിംഗ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സെക്രട്ടറിമാരായ സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, വി.എ.സി കുട്ടി ഹാജി പാലക്കാട്, ഹംസ ബിന്‍ ജമാല്‍ റംലി തൃശൂര്‍, തോന്നക്കല്‍ ജമാല്‍ തിരുവനന്തപുരം എന്നിവര്‍ പങ്കെടുത്തു.

 

ടി.പി.ആര്‍ കുറവുള്ള സ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണം എന്നാണ് എ പി വിഭാഗം സമസ്ത ആവശ്യപ്പെടുന്നത്. പള്ളികൾ നിയന്ത്രണങ്ങളോടെ തുറന്നുപ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ, ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. പ്രാദേശിക തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ടി.പി.ആര്‍ അനുസരിച്ച് ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ പോസിറ്റീവിറ്റി കുറവുള്ള സ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങൾ ആവശ്യപ്പെട്ടു.

 

” കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും നിര്‍ദേശിച്ച മുഴുവന്‍ കാര്യങ്ങളും പൂര്‍ണമായും ഉള്‍ക്കൊണ്ടവരാണ് വിശ്വാസികള്‍. പെരുന്നാള്‍ ആഘോഷങ്ങള്‍ വരെ വീടകങ്ങളിലൊതുക്കി നാടിന്റെയും സമൂഹത്തിന്റെയും രക്ഷക്കായി വിശ്വാസികള്‍ നിലകൊണ്ടു. വിവിധ മേഖലകളില്‍ ഉപാധികളോടെ ഇളവ് നല്‍കിയതുപോലെ ആരാധനാലയങ്ങളുടെ വിഷയത്തിലും ഇളവ് നല്‍കണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആരാധനാ കര്‍മങ്ങള്‍ നടത്താന്‍ അവസരമൊരുക്കണം. വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് 40 പേര്‍ക്കെങ്കിലും അനുമതി നല്‍കണം. പള്ളിയില്‍ വരുന്ന വിശ്വാസി കൃത്യമായും ആരോഗ്യ സംരക്ഷണം നടത്തിയാണ് വീട്ടില്‍ നിന്ന് ഇറങ്ങുന്നത്. അംഗസ്‌നാനമടക്കമുള്ള കാര്യങ്ങള്‍ വീട്ടില്‍ നിര്‍വഹിച്ച് നിസ്‌കരിക്കാനുള്ള വിരിയടക്കം വിശ്വാസികള്‍ സ്വന്തമായി കൊണ്ട് വരുന്ന രീതിയാണുള്ളത്. ഒരു മാസത്തിലേറെയായി പൂട്ടിയിട്ട ആരാധനാലയങ്ങളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിനാളുകള്‍ കഷ്ടപ്പെടുന്ന അവസ്ഥയാണ്. ”

ആരാധനാലയങ്ങളുടെ വലുപ്പത്തിനനുസരിച്ച് വരുന്നവരുടെ എണ്ണം നിജപ്പെടുത്തി ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.