സ്വകാര്യ ബസ് സര്‍വ്വീസ് നാളെ മുതല്‍, ഒറ്റ- ഇരട്ടയക്ക നമ്പര്‍ അനുസരിച്ച് നിരത്തിലിറങ്ങും; മാര്‍ഗനിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് സർവ്വീസ് നടത്തുന്നത് സംബന്ധിച്ച മാർഗ നിർദേശം പുറത്തിറങ്ങി. ഒറ്റ – ഇരട്ട അക്ക നമ്പർ അനുസരിച്ച് ബസുകൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ സർവ്വീസ് നടത്താനാകൂ. നാളെ ( വെള്ളിയാഴ്‌ച ) ഒറ്റയക്ക ബസുകൾ സർവ്വീസ് നടത്തണം. അടുത്ത തിങ്കളാഴ്‌ച ( 21-06-21), ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ട അക്ക നമ്പർ ബസുകൾ സർവ്വീസ് നടത്തണം. ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടർന്ന് വരുന്ന തിങ്കളാഴ്‌ചയും (28-06-21) ഒറ്റ നമ്പർ ബസുകൾ വേണം നിരത്തിൽ ഇറങ്ങേണ്ടത്.

ശനി, ഞായ‌ർ ദിവസങ്ങളിൽ ബസ് സർവ്വീസ് അനുവദിനീയമല്ല. നിർദേശം അംഗീകരിച്ച് സ്വകാര്യ ബസുകൾ നിരത്തിലിറങ്ങുമോയെന്ന് കണ്ടറിയേണ്ടതാണ്. എല്ലാ സ്വകാര്യ ബസുകള്‍ക്കും എല്ലാ ദിവസവും സര്‍വ്വീസ് നടത്താവുന്ന സാഹചര്യമല്ല നിലവില്‍ ഉള്ളതെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. അതിനാലാണ് ഒന്നിടവിട്ട ദിവസങ്ങള്‍ വച്ച് ബസുകള്‍ മാറി മാറി സര്‍വ്വീസ് നടത്തണമെന്ന നിബന്ധന കൊണ്ടു വന്നിരിക്കുന്നത്. എല്ലാ സ്വകാര്യ ബസ് ഉടമകളും ഈ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നാണ് ഗതാഗതമന്ത്രി അഭ്യർത്ഥിച്ചിരിക്കുന്നത്.