ദൃശ്യ കുത്തേറ്റ് മരിച്ചത് ഉറക്കത്തിൽ അതി ക്രൂരമായി; നാടിനെ നടുക്കി ഏലംകുളത്തെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതകം

പ്ലസ് ടു മുതൽ വിനീഷ് ദൃശ്യയെ ശല്യം ചെയ്തിരുന്നു. രണ്ട് പേരും കുന്നക്കാവ് ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആണ് പഠിച്ചത്.

മലപ്പുറം: നിയമ വിദ്യാർഥിനി ദൃശ്യയുടെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് ഏലംകുളം. രാവിലെ ഏഴരയോടെയാണ് ദൃശ്യ കൊല്ലപ്പെട്ടത്. മുറിക്ക് ഉള്ളിലേക്ക് കയറിയ വിനീഷ് ആക്രമിക്കുകയായിരുന്നു. ദൃശ്യ റൂമിൽ ഉറങ്ങുക ആയിരുന്നു.

 

ദൃശ്യയെ ആശുപത്രിയിലേക്ക് കൊണ്ടു പോയ ഇളയച്ഛൻ രാജ് കുമാറിൻ്റെ വാക്കുകൾ ഇങ്ങനെ. ” ഞങ്ങൾ നിലവിളി കേട്ട് വരുമ്പോൾ ദൃശ്യ ചോരയിൽ കുളിച്ച് കിടക്കുക ആയിരുന്നു. നെഞ്ചിൽ കുത്തേറ്റിരുന്നു. വയറിലും മുറിവ് ഉണ്ടായിരുന്നു. കൈകൾ ചെത്തിയ പോലെ മുറിഞ്ഞിരുന്നു. വിരലുകളിലും മുറിവ് ഉണ്ടായിരുന്നു. അവൾ ഉറങ്ങി കിടക്കുന്ന സമയത്ത് ആയിരുന്നു ഇതെല്ലാം. അത് കൊണ്ട് പ്രതിരോധിക്കാൻ. കഴിഞ്ഞു കാണില്ല. വാഹനത്തിൽ കയറ്റി അല്പം വെള്ളം കൊടുത്തു. അപ്പോഴും അനക്കം ഉണ്ടായിരുന്നില്ല. ആശുപത്രിയിൽ എത്തിച്ചു എങ്കിലും കുത്തും വെട്ടുമേറ്റ ഒരുപാട് മുറിവുകൾ, ശരീരത്തിൽ ഉണ്ടായിരുന്നു എന്ന് പിന്നീട് പരിശോധിച്ച ഡോക്ടർമാർ പറഞ്ഞു. ദേവി ശ്രീ അപകടനില തരണം ചെയ്തു. അക്രമം തടുക്കാൻ ശ്രമിച്ചപ്പോൾ മുറിവേൽക്കുക ആയിരുന്നു. “

 

പ്രതി വിനീഷ്

 

ഇന്നലെ രാത്രി മുതൽ ബാലചന്ദ്രനും കുടുംബാംഗങ്ങളും കട കത്തി നശിച്ചതിൻ്റെ സമ്മർദത്തിൽ ആയിരുന്നു. ദൃശ്യയും ദേവി ശ്രീയും അമ്മയും മാത്രം ആയിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഇതെല്ലാം പ്രതി വിനീഷ് ആസൂത്രണം ചെയ്തത് ആയിരുന്നു എന്ന് കൊലപാതകം നടന്ന ശേഷമാണ് അറിയുന്നത്. കൊല്ലാൻ ഉറപ്പിച്ച് തന്നെ ആണ് പ്രതി ഇതെല്ലാം ചെയ്തത് എന്ന് പൊലീസ് പറയുന്നു.

പ്ലസ് ടു മുതൽ വിനീഷ് ദൃശ്യയെ ശല്യം ചെയ്തിരുന്നു. രണ്ട് പേരും കുന്നക്കാവ് ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആണ് പഠിച്ചത്.

ദൃശ്യ ഇപ്പോൾ ഒറ്റപ്പാലത്ത് എൽഎൽബിക്ക് പഠിക്കുകയായിരുന്നു. വിനീഷിന്റെ ശല്യം സഹിക്കാനാകാതെ പൊലീസിൽ ദൃശ്യയുടെ കുടുംബം പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് വിനീഷിനെ താക്കീത് ചെയ്തു വിടുകയും ചെയ്തു. അച്ഛനും അമ്മയും വേർപിരിഞ്ഞ പശ്ചാത്തലം ആണ് പ്രതി വിനീഷിൻ്റെ. രണ്ട് സഹോദരന്മാർ കൂടി ഉണ്ട്.

 

ഡ്രൈവർ ജൗഹർ

അപകടത്തിൽ പെട്ടു എന്ന് പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറിയ പ്രതിയെ ഓട്ടോ ഡ്രൈവർ ജൗഹർ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പ്രതി പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ നിർദേശിച്ചു എന്നും ജൗഹർ പറയുന്നു.- ” ദേഹം മുഴുവൻ നനഞ്ഞിരുന്നു. എന്താണ് പറ്റിയത് എന്ന് ചോദിച്ചപ്പോൾ ഒരു ആക്സിഡൻ്റ് പറ്റി എന്ന് പറഞ്ഞു. പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലേക്ക് പോകണം എന്നാണ് പറഞ്ഞത്. അപ്പോഴേക്കും ഇക്കാര്യങ്ങൾ എല്ലാം പറഞ്ഞ് നാട്ടിൽ നിന്ന് എനിക്ക് ഫോൺ വന്നു. പിന്നെ നേരെ പോരുക ആയിരുന്നു. ഒരു പക്ഷെ ഇവൻ രക്ഷപ്പെടാൻ സാധ്യത ഉണ്ടെന്ന് കരുതി പൊലീസ് സ്റ്റേഷനിൽ ആണ് വാഹനം നിർത്തിയത് .”

പെരിന്തൽമണ്ണയിലെ കട തീ വെച്ചതിന് ശേഷം ഏലംകുളം എത്തിയ പ്രതി അവിടെ ഒളിച്ചു നിൽക്കുക ആയിരുന്നു എന്നാണ് വിവരം. മറ്റാരെങ്കിലും വിനീഷിനെ സഹയിച്ചോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്