ദൃശ്യയെ പ്രതി വിനീഷ് കുത്തിയത് 22 തവണ. തെളിവെടുപ്പ് ഇന്ന്.

മലപ്പുറം: ഏലംകുളം കൊലപാതകത്തിൽ ദൃശ്യയെ പ്രതി വിനീഷ് കുത്തിയത് 22 തവണ. മുറിവുകളും ആന്തരിക രക്തസ്രാവവും ആണ് മരണകാരണം എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ദൃശ്യയുടെ സംസ്കാരം ഇന്നലെ രാത്രി വീട്ടുവളപ്പിൽ നടന്നു.

 

ഉറങ്ങിക്കിടക്കുമ്പോൾ ആയിരുന്നു ആക്രമണം.  നെഞ്ചില് നാലും വയറിൽ മൂന്നും കുത്തുകൾ ഏറ്റു. കൈകളിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളേറ്റു. ആന്തരിക രക്തസ്രാവമാണ് മരണ കാരണം. ചെറുക്കാൻ ശ്രമിച്ചപ്പോൾ ആണ് അനിയത്തി ദേവിശ്രീക്ക് പരിക്കേറ്റത്. ‌

വണ്ണം കുറഞ്ഞ നീളമുള്ള കത്തിയാണ്ണ്  പ്രതി ആക്രമണത്തിന് ഉപയോഗിച്ചത്. മഞ്ചേരിയിൽ നിന്നും ബൈക്കുകളിൽ ലിഫ്റ്റ് ചോദിച്ചും നടന്നും ആണ് പ്രതി പെരിന്തൽമണ്ണ എത്തിയത്. ബാലചന്ദ്രന്റെ കടയോട് ചേർന്നുള്ള മാലിന്യങ്ങൾക്ക് തീ കൊളുത്തി കടയിലേക്ക് പടർത്തി. തുടർന്ന് 15 കിലോമീറ്ററോളം നടന്നാണ് ദൃശ്യയുടെ വീടിന് അടുത്ത് എത്തിയത്.

 

വീടിന് സമീപം പുലരും വരെ ഒളിച്ചിരുന്നു. ബാലചന്ദ്രനും സമീപത്ത് താമസിക്കുന്ന സഹോദരങ്ങളും അവിടെ ഇല്ലെന്ന് ഉറപ്പ് വരുത്തി വീട്ടിൽ കയറി ദൃശ്യയുടെ മുറിയിൽ കടന്ന് ചെന്ന് കുത്തിക്കൊല്ലുകയായിരുന്നു. കുളിക്കുകയായിരുന്ന അമ്മ നിലവിളി കേട്ട് നോക്കുമ്പോൾ കണ്ടത് ചോരയിൽ കുളിച്ച് വീഴുന്ന ദൃശ്യയേയും ദേവി ശ്രീയേയുമാണ്.

രാവിലെ പോലീസ് സന്നാഹത്തിൽ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തും.