സര്‍ക്കാര്‍ പുറത്തിറക്കിയ വ്യവസ്ഥകള്‍ക്കെതിരേ പ്രതിഷേധവുമായി സ്വകാര്യ ബസ് മേഖല.
കൊച്ചി: ലോക്ക്ഡൗണ്‍ ഇളവിന്റെ ഭാഗമായി സര്‍ക്കാര്‍ പുറത്തിറക്കിയ വ്യവസ്ഥകള്‍ക്കെതിരേ പ്രതിഷേധവുമായി സ്വകാര്യ ബസ് മേഖല. ഒറ്റ-ഇരട്ട നമ്പര്‍ അനുസരിച്ച് ബസുകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ സര്‍വിസ് നടത്താമെന്ന നിര്‍ദേശം തികച്ചും അപ്രായോഗികമാണെന്ന് ആരോപിച്ച് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍, ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍, അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തി.
തുടര്‍ച്ചയായ കൊവിഡ് വ്യാപനത്തേയും ലോക്ക്ഡൗണിനെയും തുടര്‍ന്ന് തകര്‍ന്ന് തരിപ്പണമായ സ്വകാര്യബസ് മേഖലയെ രക്ഷിക്കാനുള്ള യാതൊരു നടപടിയും സ്വീകരിക്കാതെ ഇത്തരത്തിലുള്ള ക്രമീകരണങ്ങള്‍ നടപ്പാക്കുന്നത് ദുരൂഹമാണെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു.
നടുവൊടിഞ്ഞ സ്വകാര്യബസ് മേഖലയെ രക്ഷപ്പെടുത്താനുള്ള മാര്‍ഗം ഇതല്ല. ടാക്‌സ് ഒഴിവാക്കണമെന്നുള്ള ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. ഒറ്റ-ഇരട്ട നമ്പറിനെ അടിസ്ഥാനമാക്കി സര്‍വിസ് നടത്തണമെന്ന നിര്‍ദേശം പൊതുഗതാഗത മേഖലയില്‍ പൊതു-സ്വകാര്യ വേര്‍തിരിവ് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
ഇത് കെ.എസ്.ആര്‍.ടി.സിയില്‍ പരീക്ഷിച്ചതിനുശേഷം വേണമെങ്കില്‍ മാത്രം സ്വകാര്യമേഖലയില്‍ നടപ്പാക്കാമായിരുന്നു. ബന്ധപ്പെട്ടവരുമായി ഒരു ചര്‍ച്ചയും നടത്താതെ തിടുക്കത്തില്‍ പുതിയ ക്രമീകരണം അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നും സംഘടനകള്‍ പറയുന്നു.