പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്ത കരാറുകാര്‍ക്കെതിരെ നടപടിയെടുക്കും
ജില്ലയിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാതെ പൊതു ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന കരാറുകാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജില്ലയിലെ വിവിധ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് ഓണ്‍ലൈനായി ചേര്‍ന്ന ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണെന്നും അകാരണമായി കരാറുകാര്‍ക്ക് സമയം നീട്ടി നല്‍കിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി. കരാര്‍ സമയം കഴിഞ്ഞ് പദ്ധതികള്‍ ഇഴഞ്ഞ് നീങ്ങുന്നത് അംഗീകരിക്കാന്‍ കഴിയില്ല. അത്തരത്തില്‍ അലംഭാവം കാണിക്കുന്ന കരാറുകാരുടെയും ലിസ്റ്റ് ഉടന്‍ തയ്യാറാക്കി നല്‍കാന്‍ ചീഫ് എഞ്ചിനീയര്‍മാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ജില്ലയിലെ പ്രധാന പദ്ധതികളുടെ പുരോഗതി സംബന്ധിച്ച് വിശദമായ പരിശോധന നടന്നു. ജില്ലയില്‍ ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ ജില്ലാകലക്ടര്‍, എം.എല്‍.എമാര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി യോഗം വിളിക്കാന്‍ തീരുമാനിച്ചു. എല്ലാ മാസവും ജില്ലാതലത്തില്‍ പ്രവൃത്തികളുടെ അവലോകനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. രണ്ടു മാസം കൂടുമ്പോള്‍ പ്രധാന പദ്ധതികളുടെ പ്രവൃത്തി പുരോഗതി മന്ത്രി നേരിട്ട് പങ്കെടുത്ത് വിലയിരുത്തും. യോഗത്തില്‍ ചീഫ് എഞ്ചിനിയര്‍മാര്‍, സൂപ്രണ്ടന്റ് എഞ്ചിനീയര്‍മാര്‍, എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.