ഭർത്താക്കന്മാർ പ്രതികളായാൽ ഭാര്യമാർക്ക് ജീവിക്കണ്ടേ? പെരിയ കൊലക്കേസ് പ്രതികളുടെ ഭാര്യമാരുടെ നിയമനം ന്യായീകരിച്ച് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ
കാസർകോട്: പെരിയ ഇരട്ട കൊലക്കേസ് പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിൽ താത്ക്കാലിക നിയമനം നൽകിയതിനെ ന്യായീകരിച്ച് കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്‌ണന്‍റെ വാർത്താസമ്മേളനം. സൂപ്രണ്ടും നഴ്‌സിംഗ് സൂപ്രണ്ടും അടക്കമുള്ളവർ അഭിമുഖം നടത്തിയാണ് ജീവനക്കാരെ തിരഞ്ഞെടുത്തത്. അതിൽ ഒരു അസ്വാഭാവികതയുമില്ല. അവർ തയ്യാറാക്കിയ പട്ടിക അംഗീകരിക്കുക മാത്രമാണ് ചെയ്‌തതെന്നും ബേബി ബാലകൃഷ്‌ണൻ വ്യക്തമാക്കി.
ഭർത്താക്കൻമാർ പ്രതികളായാൽ ഭാര്യമാർക്ക് ജീവിക്കണ്ടേയെന്ന് ചോദിച്ച അവർ കുടുംബ പശ്ചാത്തലം പരിശോധിച്ചിരുന്നില്ലെന്നും മാദ്ധ്യമങ്ങളോട് പറഞ്ഞു. താത്ക്കാലിക അടിസ്ഥാനത്തിൽ പാർട്ട് ടൈം സ്വീപ്പർ തസ്‌തികയിലാണ് നിയമനം. പ്രതികളുടെ ഭാര്യമാർ വന്നത് യാദൃശ്ചികം മാത്രമാണ്. പ്രതികളുടെ ഭാര്യമാരാണെന്നൊന്നും അഭിമുഖം നടത്തിയവർക്ക് അറിയില്ലെന്നും ബേബി പറഞ്ഞു.
കൊവിഡും ലോക്ക്ഡൗൺ സാഹചര്യങ്ങളും ഉള്ളതിനാൽ പലരും വരാൻ മടിച്ചിരുന്നു. ഒരേപ്രദേശത്ത് നിന്നുള്ളവരായതുകൊണ്ട് ഇവരെ പരിഗണിച്ചാതാകാം. പ്രതികളുടെ ഭാര്യമാർ എന്നത് കൊണ്ട് ജോലി ചെയ്യാൻ അവകാശമില്ലെന്നാണോ പറയുന്നതെന്നും അവരും പൗരന്മാരല്ലേയെന്നും ബേബി ബാലകൃഷ്‌ണന്‍ ചോദിച്ചു.
പ്രതികളുടെ ഭാര്യമാർക്ക് അനധികൃത നിയമനം നൽകിയെന്നാരോപിച്ച് ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് ഇന്ന് യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇന്നലെ യൂത്ത് കോൺഗ്രസും മാർച്ച് നടത്തി. ആദ്യ മൂന്ന് പ്രതികളുടേയും ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിലെ സ്വീപ്പർ തസ്‌തികയിൽ താത്ക്കാലിക നിയമനം നൽകിയ നടപടിക്കെതിരെ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ശക്തമായതോടെയാണ് വിശദീകരണവുമായി ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ തന്നെ രംഗത്തെത്തിയത്.