രാമനാട്ടുകര അപകടം; വാഹനത്തിൽ വിദേശത്തെ മുന്തിയ ഇനം ഈത്തപ്പഴങ്ങളും പാൽപ്പൊടിയും
1.33 കോടി വിലമതിക്കുന്ന സ്വർണമായിരുന്നു കഴിഞ്ഞ ദിവസം കരിപ്പൂര്‍ എയർ ഇന്റലിജൻസ് യൂണിറ്റ് പിടിച്ചെടുത്തത്.
കോഴിക്കോട്: രാമനാട്ടുകരയിൽ സ്വർണക്കടത്തുസംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ട് അഞ്ചുപേർ മരിക്കാനിടയാക്കിയ സംഭവത്തിൽ അടിമുടി ദുരൂഹത. അപകടത്തിൽപ്പെട്ട വാഹനത്തിൽ വിദേശത്തെ മുന്തിയ ഇനം ഈത്തപ്പഴങ്ങളും പാൽപ്പൊടിയും കണ്ടെത്തിയതാണ് ദുരൂഹത കൂടുതൽ വർദ്ധിപ്പിച്ചിട്ടുള്ളത്.
വിമാനത്താവളം വഴി കള്ളക്കടത്തായി എത്തിച്ച സ്വർണം കൊണ്ടുപോകാൻ എത്തിയ കൊടുവള്ളി സംഘത്തെ പിന്തുടർന്നവരാണ് അപകടത്തിൽ പെട്ടതെന്നാണ് പൊലീസ് പറയുന്നത്. അങ്ങനെയെങ്കിൽ ക്വട്ടേഷൻ സംഘത്തിന്റെ വാഹനത്തിൽ എങ്ങനെ ഈത്തപ്പഴങ്ങളും പാൽപ്പൊടിയും എത്തി എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. 1.33 കോടി വിലമതിക്കുന്ന സ്വർണമായിരുന്നു കഴിഞ്ഞ ദിവസം കരിപ്പൂര്‍ എയർ ഇന്റലിജൻസ് യൂണിറ്റ് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് മലപ്പുറം മൂർക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖിനെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാൾ കൊണ്ടുവന്ന സ്വർണം അന്വേഷിച്ചായിരുന്നു ക്വട്ടേഷൻ സംഘങ്ങൾ എത്തിയത് എന്നാണ് പൊലീസ് ഭാക്ഷ്യം.
ലക്ഷ്യമിട്ട സ്വർണം കസ്റ്റംസ് പിടിച്ചതോടെ സംഘത്തിന്റെ ഓപ്പറേഷൻ പാളിയെന്നും മടങ്ങിപ്പോകുന്നതിനിടെ കൊടുവള്ളി സംഘവും ചെർപ്പുളശേരി സംഘവും ഏറ്റുമുട്ടിയെന്നും തുടർന്നുള്ള ചെയ്സിങ്ങാണ് അപകടത്തിന് ഇടയാക്കിയതെന്ന പൊലീസിന്റെ വാദവും ചോദ്യംചെയ്യപ്പെടുന്നു. സ്വർണം കസ്റ്റംസ് പിടിച്ചുവെന്ന് ബോദ്ധ്യമുണ്ടെങ്കിൽ ഏറ്റുമുട്ടലിലേക്കും ചെയ്സിങ്ങിലേക്കും സംഘങ്ങൾ പോവാനുളള സാദ്ധ്യത വളരെ കുറവാണെന്നാണ് പൊലീസ് വാദത്തെ എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്. സ്വർണം കിട്ടാതെ മടങ്ങി എന്നുപറയുന്ന കൊടുവള്ളി സംഘത്തെക്കുറിച്ച് പൊലീസിന് ഇപ്പോഴും വ്യക്തതയില്ല. അതിനാൽ കസ്റ്റംസ് പിടിച്ചെടുത്തതിൽ കൂടുതൽ സ്വർണം വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് കടത്തിയിട്ടുണ്ടോ എന്നും സംശയിക്കുന്നുണ്ട്. ഇതിനും നിലവിൽ പൊലീസിന്റെ പക്കൽ ഉത്തരമില്ല.
എട്ടുപേരാണ് നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവർക്കെതിരെ കവർച്ചാ ശ്രമത്തിന് കേസെടുക്കുകയും ചെയ്തു. എന്നാൽ പരാതിക്കാർ ആരുമില്ലാത്തതിനാൽ കേസ് എങ്ങനെ നിലനിൽക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇതിനൊന്നിനും വ്യക്തമായ ഉത്തരം നൽകാനാവാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. ഇപ്പോൾ കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യംചെയ്യുന്നതാേടെ എല്ലാത്തിനും ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.