വിസ്‌മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരെ ശക്തമായ തെളിവുണ്ടെന്ന് ഐ ജി ഹര്‍ഷിത

വിവാഹ നിശ്ചയത്തിന് ശേഷം സുഹൃത്തുക്കൾക്ക് ഫോണിൽ സന്ദേശം അയയ്ക്കുന്നെന്നും സഹപാഠികളായ ആൺകുട്ടികളോട് സംസാരിക്കുന്നെന്നും പറഞ്ഞ് വിസ്‌മയയെ കിരൺ മർദിച്ചിരുന്നതായി അമ്മ പറയുന്നു. ​

​​കൊല്ലം: വിസ്‌മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരെ ശക്തമായ തെളിവുണ്ടെന്ന് ഐ ജി ഹര്‍ഷിത അട്ടല്ലൂരി. മെഡിക്കല്‍, ഇലക്ട്രോണിക്‌സ് തെളിവുകളെല്ലാം ശക്തമാണ്. കുറ്റക്കാര്‍ക്ക് ശക്തമായ ശിക്ഷ ലഭിക്കുമെന്നും ഐ ജി പറഞ്ഞു. വിസ്‌മയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്‌ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹർഷിത.

വിസ്‌മയയുടെ വീട്ടിലെത്തി കിരണ്‍ ആക്രമണം നടത്തിയ സംഭവത്തില്‍ വീട്ടുകാരുടെ സ്റ്റേറ്റ്‌മെന്‍റ് എടുത്തശേഷം കേസെടുക്കുമെന്ന് ഐ ജി വ്യക്തമാക്കി. അന്നത്തെ സംഭവത്തില്‍ പൊലീസിന്‍റെ ഭാഗത്തുനിന്നും വീഴ്‌ചയുണ്ടായിട്ടില്ല. വിവരം അറിഞ്ഞ ഉടന്‍ തന്നെ പൊലീസെത്തി ശക്തമായ നടപടിയെടുത്തു. കുട്ടിയുടെ ജീവിതം തകര്‍ക്കേണ്ടെന്ന് കരുതിയാണ് അവര്‍ കേസില്‍ നിന്നും പിന്മാറിയതെന്നും ഐ ജി പറഞ്ഞു.

വിസ്‌മയയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഡോക്‌ടറുമായി കൂടുതല്‍ സംസാരിക്കേണ്ടതുണ്ട്. അതുകൊണ്ട് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ല. വിസ്‌മയയുടെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അയല്‍ക്കാര്‍ തുടങ്ങിയവരില്‍ നിന്നും മൊഴിയെടുക്കുമെന്നും ഐ ജി പറഞ്ഞു.

കൊലക്കുറ്റം 302 ആണ്. സ്ത്രീധനമരണമാണെങ്കില്‍ 304 (ബി) ആണ്. ഏഴു വര്‍ഷം തടവ് മുതല്‍ ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ്. കൊലപാതകമാണോ എന്നതല്ല, ഒരു പെണ്‍കുട്ടിയുടെ ജീവന്‍ പോയതല്ലേ. ഇത് ഗുരുതരമായ കേസാണ്. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് വിശ്വാസമെന്നും ഐ ജി കൂട്ടിച്ചേർത്തു.

വിവാഹത്തിന് മുൻപും വിസ്‌മയയെ കിരൺ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ. വിസ്മയയുടെ അമ്മ സജിത വി നായരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാഹ നിശ്ചയത്തിന് ശേഷം സുഹൃത്തുക്കൾക്ക് ഫോണിൽ സന്ദേശം അയയ്ക്കുന്നെന്നും സഹപാഠികളായ ആൺകുട്ടികളോട് സംസാരിക്കുന്നെന്നും പറഞ്ഞ് വിസ്‌മയയെ കിരൺ മർദിച്ചിരുന്നതായി അമ്മ പറയുന്നു. ​

വിസ്‌മയ പഠിക്കുന്ന കോളജിൽ പലപ്പോഴും കിരൺ കാണാൻ എത്തിയിരുന്നു. അന്ന് മുതൽ പ്രശ്‌നങ്ങൾ ഉണ്ടായെങ്കിലും അതെല്ലാം അടുത്ത സമയത്തുമാത്രമാണ് മകൾ തന്നോട് പറഞ്ഞത്. വിവാഹത്തിന് ശേഷം സ്ത്രീധനത്തിന്‍റെ പേരിൽ നിരന്തരം വിസ്‌മയയെ ഉപദ്രവിച്ചു. തന്നെ വിഷമിപ്പിക്കേണ്ടെന്ന് കരുതി അവളുടെ വിഷമങ്ങൾ കൂട്ടുകാരികളോടാണ് അടുത്തിടെയായി കൂടുതലായി പറഞ്ഞിരുന്നത്.

 

 

താനാണോ സ്ത്രീധനമാണോ വലുത് എന്ന് വിസ്‌മയ ഒരിക്കൽ കിരണിനോട് ചോദിച്ചതായി അവൾ പറഞ്ഞതായും അമ്മ പറയുന്നു. ജീവിക്കണമെങ്കിൽ സ്ത്രീധനം വേണമെന്നായിരുന്നു കിരണിന്‍റെ മറുപടി. വിവാഹത്തിന് ശേഷം കാറിന് മൈലേജ് കിട്ടുന്നില്ലെന്നും മറ്റൊരു കാർ വേണമെന്നും പറഞ്ഞ് വീട്ടിൽ വന്നു വഴക്കുണ്ടാക്കി. അന്ന് വിസ്‌മയയുടെ അച്ഛനെ അസഭ്യം പറയുകയും വിവാഹത്തിന് ഞങ്ങൾ കിരണിനെ അണിയിച്ച മാല ഊരി എറിയുകയും ചെയ്‌തു.