കിരൺ കുമാറിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും
കിരൺ വിസ്മയയെ കൊലപ്പെടുത്തിയ ശേഷം തെളിവുകൾ നശിപ്പിച്ച് ആത്മഹത്യയായി ചിത്രീകരിച്ചതാണോയെന്നാണ് പൊലീസ് സംശയിക്കുന്നത്.
കൊല്ലം: വിസ്മയയുടെ മരണത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ഭർത്താവ് കിരൺ കുമാറിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് ശാസ്‌താംകോട്ട കോടതിയിൽ അപേക്ഷ നൽകും.
പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. വിസ്മയയുടെയും കിരണിന്റെയും ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. കിരണിന്റെ പീഡനങ്ങളെ കുറിച്ച് വിസ്മയ കൂട്ടുകാരിക്കും ബന്ധുക്കൾക്കും അയച്ച വാട്സ് ആപ്പ് സന്ദേശങ്ങൾ നേരത്തെ അവർ പുറത്തുവിട്ടിരുന്നു.
വിവാഹ സമയത്ത് വിസ്മയയുടെ വീട്ടുകാർ നൽകിയ 80 പവൻ സ്വർണം പോരുവഴിയിലെ സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് കിരൺ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഈ ലോക്കറും അന്വേഷണ സംഘം പരിശോധിക്കും.കിരൺ വിസ്മയയെ കൊലപ്പെടുത്തിയ ശേഷം തെളിവുകൾ നശിപ്പിച്ച് ആത്മഹത്യയായി ചിത്രീകരിച്ചതാണോയെന്നാണ് പൊലീസ് സംശയിക്കുന്നത്.