ഇന്ധനവില വര്‍ധന: ചരക്ക് ലോറികള്‍ അനിശ്ചിതകാല സമരത്തിലേക്ക്.
ഈ മാസം 28ന് കരിദിനം ആചരിക്കും. ലോറി വാടക സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കണമെന്ന് കാട്ടി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടിരുന്നു.
ന്യൂഡൽഹി: ഇന്ധനവില വര്‍ധന രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ ചരക്ക് ലോറികള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ലോറി വാടക സംസ്ഥാന സര്‍ക്കാരുകള്‍ നിശ്ചയിക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ആഗസ്ത് ഒന്ന് മുതല്‍ സര്‍വീസ് നിര്‍ത്തിവെക്കാനാണ് തീരുമാനം.
വിവിധ സംസ്ഥാനങ്ങളില്‍ ലോക്ഡൌണ്‍ ആയതിനാല്‍ നിലവിലുള്ള ചരക്ക് ലോറികളുടെ 50 ശതമാനത്തോളമേ ഇപ്പോള്‍ സര്‍വീസ് നടത്തുന്നുള്ളൂ. പക്ഷേ ഇന്ധന വില ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ സര്‍വീസുകള്‍ പോലും നടത്താനാവാത്ത സ്ഥിതിയാണ്.
ഈ സാഹചര്യത്തിലാണ് ആഗസ്ത് ഒന്ന് മുതല്‍ രാജ്യവ്യാപകമായി ചരക്കു ലോറികളുടെ സര്‍വീസ് നിര്‍ത്തി വെക്കാന്‍ ലോറിയുടമകളുടെ സംഘടനകള്‍ തീരുമാനിച്ചത്. ഈ മാസം 28ന് കരിദിനം ആചരിക്കും. ലോറി വാടക സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കണമെന്ന് കാട്ടി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടിരുന്നു. കേരളമടക്കമുള്ള പല സംസ്ഥാനങ്ങളിലും ഇത് നടപ്പായിട്ടില്ല. ഇവിടെ ഏജന്‍റുമാരാണ് വാടക നിശ്ചയിക്കുന്നത്. ഇതിനു പുറമേ ഈ വേ ബില്ലിലെ അശാസ്ത്രീയത അവസാനിപ്പിക്കണമെന്നും ലോറിയുടമകള്‍ ആവശ്യപ്പെടുന്നുണ്ട്.