പൊതുസ്ഥലങ്ങളും വാഹനങ്ങളും അണുവിമുക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകര്‍ന്ന് തിരൂരങ്ങാടിയിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും. ലോക്ക് ഡൗണ്‍ ഇളവ് നല്‍കിയതോടു കൂടി പ്രധാന നഗരങ്ങളും ബസുകളും, ഓട്ടോകളും, ഓട്ടോ, ടാക്സി സ്റ്റാന്‍ഡുകളും ബസ് വെയിറ്റിങ് ഷെഡുകളും തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അണുവിമുക്തമാക്കി. നിരത്തുകളില്‍ വാഹനങ്ങള്‍ നിറഞ്ഞതോടെയും സ്വകാര്യ ബസുകള്‍ക്ക് നിരത്തിലിറങ്ങാന്‍ അനുമതി നല്‍കിയതോടെയും പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ സജീവമാകാന്‍ തുടങ്ങി. ഈയൊരു സാഹചര്യത്തിലാണ് മുന്‍കരുതലിന്റെ ഭാഗമായി തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കോട്ടക്കല്‍, കക്കാട്, ചേളാരി, യൂണിവേഴ്സിറ്റി, ചങ്കുവെട്ടി, വേങ്ങര, പരപ്പനങ്ങാടി ഭാഗങ്ങളിലെ ബസുകള്‍ ബസ് സ്റ്റാന്‍ഡുകള്‍, ബസ് വെയിറ്റിങ് ഷെഡുകള്‍, ഓട്ടോ ടാക്സി പാര്‍ക്കിങ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ അണുനശീകരണം നടത്തിയത്.
വരും ദിവസങ്ങളില്‍ നിരത്തിലിറങ്ങുന്ന ബസുകള്‍ ബസ് ഓപ്പ്റേറ്റേഴ്സ് ഓര്‍ഗനൈസേഷന്റയും ട്രോമാ കെയര്‍ പ്രവര്‍ത്തകരുടെയും സഹകരണത്തോടെ ഉദ്യോഗസ്ഥര്‍ അണുമുക്തമാക്കും. തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ എസ്.എ ശങ്കരപ്പിള്ളയുടെ നിര്‍ദ്ദേശപ്രകാരം എം.വി.ഐമാരായ എം.കെ പ്രമോദ് ശങ്കര്‍, ടി പി സുരേഷ് ബാബു, കെ.സന്തോഷ് കുമാര്‍, ഷാജില്‍.കെ.രാജ്, ബസ് ഓപ്റേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ല സെക്രട്ടി എം.സി കുഞ്ഞിപ്പ, വി.പി ശിവാങ്കരന്‍, അബ്ദു വടക്കന്‍, എം.സി സഹീര്‍, സിറാജ് ചെമ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.